ഓസ്ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം അമ്പതിലധികം വിദേശ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്നും ഇതില്‍ പകുതിയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആണെന്നും റിപ്പോര്‍ട്ട്. പ്രമുഖ ഓസ്ട്രേലിയന്‍ പത്രമായ “സിഡ്നി മോണിംഗ് ഹെറാള്‍ഡ്” ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികളുടെ മരണ വിവരം പുറത്തുവിടാതിരിക്കാന്‍ ശ്രമം നടത്തുന്നതായും പത്ര റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള 15.5 ബില്യണ്‍ ഡോളര്‍ വരുമാനം നഷ്ടമാവാതിരിക്കാതാനാണ് സര്‍ക്കാര്‍ അമ്പതിലധികം വിദ്യാര്‍ത്ഥികളുടെ മരണ വിവരം പുറത്തറിയിക്കാത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2007 നവംബര്‍ മുതല്‍ 2008 നവംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ കണക്കുകളാണിത്. ഓസ്ട്രേലിയയിലെ മൊത്തം വിദേശ വിദ്യാര്‍ത്ഥികളുടെ അഞ്ചില്‍ ഒന്നു ഭാഗം മാത്രമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം. എന്നാല്‍, കൊല്ലപ്പെട്ടവരില്‍ പകുതിയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
മൊത്തം മരണ സംഖ്യ 54 ആയിരിക്കുമെന്നാണ് പത്രത്തിന്‍റെ കണക്കുകൂട്ടല്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ 51 വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. ഇതില്‍ 34 പേരുടെ മരണ കാരണം അജ്ഞാതമാണെന്നും ആരും ആത്മഹത്യ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍. ഇതില്‍ മൂന്ന് പേരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടാവാമെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഫോറന്‍സിക് വിഭാഗം പുറത്തുവിടാന്‍ മടിക്കുന്നത് മരണം സംഖ്യ അയഥാര്‍ത്ഥമായതിനാലാണെന്നും പത്രം ആരോപിക്കുന്നു. |