പൊതു ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് സംസ്ഥാനത്ത് ഉടനീളം മുഖ്യമന്ത്രി മായാവതിയുടേത് ഉള്‍പ്പെടെയുള്ള പ്രതിമകള്‍ സ്ഥാപിച്ചതിന് യു പി സര്‍ക്കാരിനും മായാവതിക്കും സുപ്രീം കോടതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഇത്തരത്തില്‍, പൊതുഖജനാവില്‍ നിന്ന് പണം ചെലവഴിച്ചതുകൊണ്ടുള്ള പ്രയോജനത്തെ കുറിച്ച് നാല് ആഴ്ചയ്ക്കുള്ളില്‍ സത്യവാങ്ങ്‌മൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വെക്കേഷന്‍ ബഞ്ചിലെ ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, എ കെ ഗാംഗുലി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
ഡല്‍ഹി സ്വദേശിയായ രവികാന്ത് എന്ന അഭിഭാഷകന്‍ നല്‍കിയ പൊതു താല്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി സത്യവാങ്ങ്‌മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുഖജനാവില്‍ നിന്നുള്ള കോടിക്കണക്കിന് പണം ചെലവഴിച്ച് മായാവതിയുടെയും ദളിത് നേതാക്കളുടെയും പാര്‍ട്ടി ചിഹ്നമായ ആനയുടെയും പ്രതിമകള്‍ സ്ഥാപിച്ചത് സിബിഐ അന്വേഷിക്കണം എന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെടുന്നത്.
പ്രതിമകള്‍ സ്ഥാപിക്കാനും പാര്‍ക്കുകള്‍ നിര്‍മ്മിക്കാനുമായി ഇതുവരെ 1,258 കോടി രൂപ ചലവഴിച്ചു. മൊത്തം 2000 കോടി രൂപയിലധികമാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്ന തുക എന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. ഹര്‍ജിയില്‍ വാദം കേട്ട കോടതി പ്രതിമകള്‍ സ്ഥാപിക്കുന്നതിനെതിരെ സ്റ്റേ പുറപ്പെടുവിച്ചിട്ടില്ല.
സ്വന്തം പ്രതിമയും ബി എസ് പി നേതാവ് കാന്‍ഷിറാമിന്‍റെ പ്രതിമയും ഉള്‍പ്പെടെ പതിനഞ്ച് പ്രതിമകളാണ് മായാവതി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്. യഥാര്‍ത്ഥത്തില്‍, ജൂലൈ മൂന്നിനായിരുന്നു ഉദ്ഘാടനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതിനെതിരെ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ കോടതി നടപടികള്‍ ഉണ്ടാവും മുമ്പേ ഉദ്ഘാടനം നടത്തുകയായിരുന്നു. |