ഉത്തര്‍പ്രദേശിലെ ദാരുല്‍ ഉലൂം ദിയോബന്ധ് ഇസ്ലാമിക സര്‍വകലാശാല സ്വവര്‍ഗ രതിക്കെതിരെ രംഗത്ത്. സ്വവര്‍ഗ രതി ഇസ്ലാമികമല്ല എന്ന് ദാരുല്‍ ഉലൂം വ്യക്തമാക്കി.
സ്വവര്‍ഗരതി ശരിയത് നിയമത്തിന് എതിരാണെന്നും ഹറാം ആണെന്നും ദാരുല്‍ ഉലൂം ഡപ്യൂട്ടി വൈസ് ചാന്‍സലര്‍ മൌലാന അബ്ദുള്‍ ഖാലിക് മദ്രാസി തിങ്കളാഴ്ച പറഞ്ഞു. ഒരേലിംഗത്തിലുള്ളവര്‍ തമ്മിലുള്ള ശാരീക ബന്ധം ക്രിമിനല്‍ കുറ്റമായി കാണുന്ന 377 ആം വകുപ്പ് റദ്ദാക്കരുത് എന്ന് അബ്ദുള്‍ ഖാലിക് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
377 ആം വകുപ്പ് റദ്ദാക്കുന്ന കാര്യത്തില്‍ എല്ലാ മത വിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിക്കും എന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞതിനു പിന്നാലെയാണ് സുന്നി മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന ദാരുല്‍ ഉലൂം രംഗത്ത് എത്തിയത്. ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഉപാധ്യക്ഷന്‍ മൌലാന സലിം കസ്മിയും സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞു.
സ്വവര്‍ഗ രതി നിയമാനുസൃതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്വവര്‍ഗ പ്രേമികള്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു. |