മണ്‍സൂണ്‍ 12 ദിവസം താമസിച്ചു എങ്കിലും ഇന്ത്യയില്‍ വരള്‍ച്ചയ്ക്ക് സമാനമായ സ്ഥിതിഗതികളൊന്നും നിലവിലില്ല എന്ന് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍.
സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന വിത്തിറക്കല്‍ പരിപാടി ഒരാഴ്ച താമസിക്കും. എന്നാല്‍, ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും പവാര്‍ പറഞ്ഞു. തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ഇത്തവണ സാധാരണയിലും കുറയുമെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയത് കാര്‍ഷിക മേഖലയില്‍ ആശങ്ക ഉണ്ടാക്കിയ അവസരത്തിലാണ് പവാറിന്‍റെ പ്രസ്താവന.
കാര്‍ഷിക യോഗ്യമായ 140 ദശലക്ഷം ഹെക്ടര്‍ ഭൂമിയില്‍ 60 ശതമാനം ഭാഗത്തും മഴ ലഭിക്കും. സാധാരണയിലും നേരത്തേ മെയ് 23 ന് തന്നെ മണ്‍സൂണ്‍ എത്തിയെങ്കിലും ജൂണ്‍ ഏഴോടെ മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ എത്തി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലേക്ക് മണ്‍സൂണ്‍ മുന്നേറുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
നിലവിലെ സ്ഥിതിയില്‍ ആശങ്കയ്ക്ക് കാര്യമില്ല, ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് പ്രധാന വിത്തിറക്കല്‍ സമയം. ഇക്കൊല്ലത്തെ ഭക്‍ഷ്യ ധാന്യ ഉത്പാദനം കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായിരിക്കാനാണ് സാധ്യതയെന്നും പവാര്‍ പറഞ്ഞു.
2008-09 ല്‍ 230 ദശലക്ഷം ടണ്‍ ഭക്‍ഷ്യ ധാന്യമാണ് ഇന്ത്യയില്‍ ഉല്പാദിപ്പിച്ചത്. |