വെള്ളിയാഴ്ച നാല് പേരില്‍ കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് എച്ച് 1 എന്‍ 1 വൈറസ് ബാധിതരുടെ എണ്ണം 82 ആയി ഉയര്‍ന്നു.
ഡല്‍ഹി, മുംബൈ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷം മുംബൈയിലേക്ക് ട്രെയിന്‍ മാര്‍ഗം എത്തിയ 15 വയസ്സുകാരിയിലാണ് മുംബൈയില്‍ വച്ച് വൈറസ് ബാധ സ്ഥിരീകരിച്ചത്.
മുമ്പ് രോഗം ബാധിച്ച ഒരാളുമായി സമ്പര്‍ക്കത്തിലായിരുന്ന 18 കാരിയിലാണ് ഡല്‍ഹിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. പൂനെയില്‍ അമേരിക്കയില്‍ നിന്ന് വന്ന 24 കാരനിലും ഹൈദരാബാദില്‍ ഹോങ്കോംഗില്‍ നിന്ന് എത്തിയ 25 കാരിയിലുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.
പന്നിപ്പനിബാധയുള്ള രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന യാത്രക്കാരെ രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണത്തിനു വിധേയരാക്കുന്ന നടപടി തുടരുകയാണ്. വ്യാഴാഴ്ച വരെ 51,140 ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കി. പനിബാധയുള്ള 82 പേരില്‍ 56 പേര്‍ക്ക് ചികിത്സ നല്‍കി വിട്ടയച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 108 രാജ്യങ്ങളിലായി 55,867 ആളുകളില്‍ പന്നിപ്പനിബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൊത്തം 238 പന്നിപ്പനി മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
|