ഇന്ത്യയും പാകുമായുള്ള ബന്ധത്തില്‍ ഗണ്യമായ സമ്മര്‍ദ്ദമുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയെ അറിയിച്ചു. ജി-8 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പരാമര്‍ശമുണ്ടായത്.
മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ നടന്ന രണ്ടാമത്തെ ഉന്നതതല കൂടിക്കാഴ്ചയാണ് ഇത്.
ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ സംഘര്‍ഷമുണ്ടാവാന്‍ പ്രധാന കാരണം ആ രാജ്യത്ത് നിന്ന് ഇന്ത്യ്യക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളാണ് എന്ന് കൃഷ്ണ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിലൂടെ അനന്തമായ സാധ്യതകള്‍ തുറക്കാന്‍ സാധിക്കുമെന്ന് ഇരു നേതാക്കളും അംഗീകരിച്ചതായും കൃഷ്ണ പറഞ്ഞു.
നടക്കാനിരിക്കുന്ന വിദേശകാര്യ സെക്രട്ടറിമാരുടെ കൂടിക്കാഴ്ച പ്രാധാന്യമര്‍ഹിക്കുന്നു. ഭീകരതയെ അമര്‍ച്ച ചെയ്യുന്നതില്‍ നാം എവിടെ എത്തി നില്‍ക്കുന്നു എന്നതിനെ കുറിച്ചും ഇന്ത്യക്കെതിരെയുള്ള ആക്രമണത്തിന് പാകിസ്ഥാനില്‍ ഇടം നല്‍കില്ല എന്ന വാഗ്ദാനം എത്രത്തോളം പാലിക്കപ്പെടുന്നു എന്നതിനെ കുറിച്ചും വിദേശകാര്യ സെക്രട്ടറിമാരുടെ കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്യാന്‍ സാധിക്കുമെന്ന് കൃഷ്ണ ഖുറേഷിയെ അറിയിച്ചു.
റഷ്യയില്‍ ഷാംഗായ് കോ-ഓപ്പറേഷന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗും പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയും കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാന്‍ മണ്ണ് ഇന്ത്യക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനാണ് ജനങ്ങള്‍ തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്ന് സിംഗ് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ തുറന്നടിച്ചത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. |