ആഗോള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ മണ്‍സൂണ്‍ മഴ കുറയുമെന്ന റിപ്പോര്‍ട്ടും ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാവുന്നു. സാധാരണ ലഭിക്കുന്ന മണ്‍സൂണ്‍ മഴയുടെ 93 ശതമാനം മാത്രമേ ഇത്തവണ ലഭിക്കൂ എന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏപ്രിലില്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് മൂന്ന് ശതമാനം കുറവ് മഴ മാത്രമേ ലഭിക്കൂ എന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ ധാന്യക്കലവറയായ പഞ്ചാബ്-ഹരിയാന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വടക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് ആയിരിക്കും ഏറ്റവും കുറവ് മണ്‍സൂണ്‍ മഴ ലഭിക്കുക എന്നതും തിരിച്ചടിയുടെ ആഘാതം കൂട്ടുമെന്ന് ഉറപ്പാക്കുന്നു.
വടക്ക്-പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഇത്തവണ 81 ശതമാനം മഴയായിരിക്കും ലഭിക്കുക എന്നാണ് പ്രവചനം. പ്രവചനത്തില്‍ എട്ട് ശതമാനത്തോളം പിഴവ് സംഭവിക്കാം. അങ്ങിനെയെങ്കില്‍, മഴയുടെ അളവ് 73 ശതമാനം വരെ കുറഞ്ഞേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ഇത്തരമൊരു അവസ്ഥയില്‍ വരള്‍ച്ചയെ നേരിടേണ്ടി വന്നേക്കാം.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്‍റെ (ജിഡിപി) 20 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്നാണ്. നല്ലൊരു വിളവെടുപ്പ് ഉണ്ടായില്ല എങ്കില്‍ അത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെയും പ്രതികൂലമായി ബാധിക്കും. |