ഇന്ത്യയില്‍ മണ്‍സൂണിനു ശേഷം പന്നിപ്പനി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തണുത്ത കാലാവസ്ഥയില്‍ വൈറസ് വ്യാപനം കൂടുതലാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യസെക്രട്ടറി നരേഷ് ദയാല്‍ പറഞ്ഞു.
ഇപ്പോള്‍ കടുത്ത ചൂട് ആയതിനാലാണ് പന്നിപ്പനി പരക്കാതിരിക്കുന്നത്. എന്നാല്‍, മണ്‍സൂണ്‍ കഴിയുമ്പോഴത്തെ തണുത്ത കാലാവസ്ഥ വൈറസ് വ്യാപനത്തിന് സഹായകമാവുമെന്നും ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇപ്പോള്‍ ഇന്ത്യയില്‍ 17 പേരിലാണ് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പന്നിപ്പനിക്ക് കാരണമായ എ-എച്ച്1 എന്‍ 1 വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നതിനാല്‍ രോഗബാധിതര്‍ക്ക് ഏകാന്ത ചികിത്സയാണ് നല്‍കുന്നത്.
ബാംഗ്ലൂരില്‍ അഞ്ച് പേരിലും ഹൈദരാബാദില്‍ രണ്ട് പേരിലും പുതുതായി പന്നിപ്പനിബാധയുണ്ടെന്ന് സംശയിക്കുന്നു. ബാംഗ്ലൂരില്‍ അമേരിക്കയില്‍ നിന്ന് എത്തിയ 29 കാരിയെയും മൂന്ന് വയസ്സുള്ള കുട്ടിയെയും സിംഗപ്പൂരില്‍ നിന്ന് വന്ന മൂന്ന് പേരെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഹൈദരാബാദില്‍ ന്യൂയോര്‍ക്കില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് കുട്ടികളില്‍ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. |