ഇന്ത്യയുടെ ആദ്യ വനിതാ ലോക്സഭാ സ്പീക്കറായി മീരാ കുമാര്‍ (64) സ്ഥാനമേറ്റു. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള ആദ്യ സ്പീക്കര്‍ കൂടിയാണ് മീര.
പ്രോ ടേം സ്പീക്കറായ മണിക് റാവു ഗവിറ്റ് മീരാ കുമാറിനെ സ്പിക്കര്‍ ആയി നിര്‍ദ്ദേശിച്ചു കൊണ്ടുള്ള യുപിഎ പ്രമേയം വായിച്ചു. തുടര്‍ന്ന് സഭ അത് ശബ്ദ വോട്ടോടെ പാസാക്കി. പ്രമേയം അംഗീകരിച്ച ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനിയും ചേര്‍ന്ന് മീരയെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.
മുതിര്‍ന്ന ദളിത് കോണ്‍ഗ്രസ് നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയും ആയിരുന്ന ജഗജീവന്‍ റാമിന്‍റെയും സ്വാത്രന്ത്ര്യ സമര സേനാനിയായിരുന്ന ഇന്ദ്രാണി ദേവിയുടെയും പുത്രിയാണ് മീരാ കുമാര്‍.
കാബിനറ്റ് മന്ത്രിസ്ഥാനം രാജി വച്ചാണ് മീര സ്പീക്കറായത്. പതിനനഞ്ചാം ലോക്സഭയില്‍ ജലവിഭവ വകുപ്പ് മന്ത്രിയായി മീര അധികാരമേറ്റിരുന്നു.
കഴിഞ്ഞ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ സാമൂഹ്യ നീതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാബിനറ്റ് മന്ത്രിയായിരുന്നു മീര. അഞ്ച് തവണ ലോക്സഭാംഗമായ മീര ഇത്തവണ ബീഹാറിലെ സാസരാമില്‍ നിന്നാണ് ജയിച്ചത്.
1985 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ നിന്ന് രാജിവച്ച ശേഷമാണ് മീര സജീവ രാഷ്ട്രിയത്തില്‍ എത്തിയത്. മായാവതി, റാം വിലാസ് പാസ്വാന്‍ തുടങ്ങിയ പ്രമുഖരായ ദളിത് നേതാക്കളെ തറപറ്റിച്ചാണ് മീര രാഷ്ട്രീയത്തിലേക്ക് കാല്‍ വച്ചത്.
നിയമത്തില്‍ ബിരുദമുള്ള മീരയ്ക്ക് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ഉണ്ട്. |