ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വംശീയാക്രമണങ്ങള്‍ നേരിടുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെ മെല്‍ബണില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി ആക്രമിക്കപ്പെട്ടു. 20 വയസുള്ള നര്‍ദീപ് സിംഗ് എന്ന വിദ്യാര്‍ത്ഥിയെ കോളേജിലേക്കുള്ള യാത്രക്കിടെ ഒരു സംഘം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ത്ഥിക്കാണ് കുത്തേറ്റത്. ചിഷോം ടെക്നിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിയായ ഇയാള്‍ ഒരുമാസം മുന്‍പാണ് ഓസ്ട്രേലിയയിലെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ക്കെതിരെ ആക്രമണം നടന്നതെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ചുപേരടങ്ങിയ സംഘമാണ് നര്‍ദീപിനെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഒരു കാര്‍ പാര്‍ക്കിനടുത്ത് വച്ച് നര്‍ദീപിനെ തടഞ്ഞുനിര്‍ത്തിയ സംഘം സിഗരറ്റ് ആവശ്യപ്പെട്ടു. താന്‍ പുകവലിക്കാറില്ലെന്ന് മറുപടി പറഞ്ഞ നര്‍ദീപിനോട് സംഘം പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ച നര്‍ദീപിന്‌റെ നെഞ്ചില്‍ സംഘത്തിലെ ഒരാള്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.
സംഘത്തിന്‌റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ത്ഥി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. നര്‍ദീപിന് കത്തികൊണ്ട് പരിക്കേറ്റതായി അദ്ദേഹത്തിന്‌റെ റൂം മേറ്റ് പറഞ്ഞു. മെല്‍ബണിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ നര്‍ദീപ്. |