ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വിവിധ അഭിപ്രായ സര്‍വേകളുടെ ഫലങ്ങളും പുറത്തുവന്നു തുടങ്ങി. ഭൂരിപക്ഷം സര്‍വേ ഫലങ്ങളും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയെ പിന്തുണയ്ക്കുന്നു.
പുറത്തുവന്ന മൂന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍ അനുസരിച്ച് യുപിഎ എന്‍ഡിഎയെക്കാള്‍ നേരിയ മുന്‍തൂക്കം നേടും. കൂടാതെ, പതിനഞ്ചാം ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആയിരിക്കുമെന്നും ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
ഒരു ടിവി ചാനല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ യുപിഎ 195-201 സീറ്റ് നേടും. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് അകലം പാലിക്കുന്ന ആര്‍ജെഡി, എസ്പി എന്നീ കക്ഷികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ യുപിഎയുടെ മൊത്തം സീറ്റ് 227-237 ആവുമെന്നും വോട്ടെടുപ്പ് ഫലത്തില്‍ പറയുന്നു.
ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് 189-195 സീറ്റ് ലഭിക്കും. മൂന്നാം മുന്നണിക്ക് ആവട്ടെ 113-121 സീറ്റ് ലഭിക്കും.
ഹെഡ്‌ലൈന്‍സ് ടുഡേ നടത്തിയ അഭിപ്രായ സര്‍വേയിലാവട്ടെ കോണ്‍ഗ്രസിന് 191 സീറ്റും ബിജെപിക്ക് 180 സീറ്റും ലഭിക്കുമെന്ന് പറയുന്നു. ഇടതുകക്ഷികളാവട്ടെ 38 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും എന്നും മറ്റുള്ളവര്‍ക്ക് 134 സീറ്റ് ലഭിക്കും എന്നും പറയുന്നു.
യുടിവി ചാനല്‍ നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന് 195 സീറ്റും ബിജെപിക്ക് 189 സീറ്റും ആര്‍ജെഡി-എസ്പി-എല്‍ജെപി മുന്നണിക്ക് 227 സീറ്റും മറ്റുള്ളവര്‍ക്ക് 14 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.
‘ന്യൂസ് 24’ നടത്തുന്ന പുറത്തുവിട്ട പ്രവചനത്തില്‍ കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍ അനുസരിച്ച് യുപിഎയ്ക്ക് 218 ഉം എന്‍ഡിഎയ്ക്ക് 194 ഉം മൂന്നാം മുന്നണിക്ക് 101 ഉം നാലാം മുന്നണിക്ക് 40ഉം സീറ്റ് ലഭിക്കും.
‘ടൈംസ് നൌ’ പുറത്തുവിട്ട സര്‍വേ ഫലമനുസരിച്ച് യുപിഎ 198 സീറ്റ് നേടും. ഇതില്‍ 154 സീറ്റ് കോണ്‍ഗ്രസിന്‍റേത് മാത്രമായിരിക്കും. അതേസമയം, എന്‍ഡിഎ 196 സീറ്റ് നേടും. ഇതില്‍ 153 എണ്ണം ബിജെപിയുടേതായിരിക്കും. മൂന്നാം മുന്നണി 100 സീറ്റും മറ്റുള്ളവര്‍ക്ക് 48 സീറ്റും നേടുമെന്നും സര്‍വേ ഫലത്തില്‍ പറയുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം മുന്നണികള്‍ക്ക് പുതിയ സഖ്യ സാധ്യതകള്‍ കണ്ടെത്തിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂ എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്. |