ലങ്കയിലെ വംശീയ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ തമിഴര്‍ക്ക് പ്രത്യേക രാജ്യം നല്‍കുക മാത്രമാണ് ഏക പോംവഴിയെന്ന് അണ്ണാ ഡിഎംകെ നേതാവ് ജെ ജയലളിത. കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് അണ്ണാ ഡിഎംകെയുടെ പിന്തുണയുളള സര്‍ക്കാരാണെങ്കില്‍ തമിഴ് വംശജര്‍ക്ക് പ്രത്യേക രാജ്യം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഈറോഡില്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയലളിത.
എല്‍ ടി ടി ഇയുടെ ഏറ്റവും വലിയ വിമര്‍ശകയായിരുന്ന ജയലളിതയുടെ പുതിയ നിലപാട് ഡി എം കെയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രകടന പത്രികയില്‍പ്പോലും തമിഴര്‍ക്ക് തുല്യ അവകാശം നല്‍കണമെന്ന് മാത്രമേ ജയലളിത ഇതുവരെ ആവശ്യപ്പെട്ടിരുന്നുള്ളു. ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ലങ്കയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം നല്‍കിയ വിവരങ്ങളാണ് പുതിയ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ജയലളിത പറഞ്ഞു. അടിമകളെ പോലെയാണ് സിംഹളര്‍ തമിഴ് വംശജരോട് പെരുമാറുന്നത്.
രവിശങ്കര്‍ കൊണ്ടു വന്ന വീഡിയോ ഫൂട്ടേജുകള്‍ തമിഴ് വംശജരുടെ കഷ്ടപ്പാടുകള്‍ വ്യക്തമാക്കുന്നതാണ്. 71 ക്യാമ്പുകളിലായി 70,000 തമിഴര്‍ ഭക്ഷണം, വസ്ത്രം അടക്കമുളള പ്രാഥമിക സൗകര്യങ്ങള്‍ ലഭിക്കാതെ കഷ്ടപ്പെടുകയാണെന്ന് ജയലളിത പറഞ്ഞു. അടിയന്തിര വെടിനിര്‍ത്തലിന് സമ്മര്‍ദം ചെലുത്താനെന്ന പേരില്‍ ഇന്ത്യയുടെ പ്രത്യേക ദൂതന്‍മാരായി വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണനും ലങ്ക സന്ദര്‍ശിച്ചത് നാടകവും കണ്ണില്‍ പൊടിയിടാനുളളള തന്ത്രവുമാണെന്ന് ജയലളിത ആരോപിച്ചു. |