വരുണിന് രാഷ്ട്രീയപരമായും നിയമപരമായും എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രഖ്യാപിച്ച ബിജെപിക്കും, പാര്‍ട്ടി നേതാവ് എല്‍ കെ അദ്വാനിക്കും വരുണ്‍ ഗാന്ധി നന്ദി അറിയിച്ചു. രണ്ടാഴ്ചത്തേക്ക് പരോളില്‍ ഇറങ്ങിയ വരുണ്‍ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി.
യുപിയിലെ ഇറ്റാവ ജയിലില്‍ കഴിയുകയായിരുന്ന വരുണ്‍ ഗാന്ധിക്ക് കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ട് ആഴ്ചത്തെ പരോള്‍ അനുവദിച്ചത്. പരോള്‍ ലഭിച്ച ശേഷം വരുണ്‍ അദ്വാനിയെ വസതിയില്‍ ചെന്ന് കാണുകയായിരുന്നു.
മുസ്‌ലിംവിരുദ്ധ പ്രസംഗം സത്യമാണെന്ന് തെളിഞ്ഞാലും വരുണ്‍ഗാന്ധിയെ പാര്‍ട്ടി തള്ളിപ്പറയില്ലെന്നും അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് തെറ്റുതിരുത്താന്‍ ഉപദേശിക്കുമെന്നും നേരത്തെ അദ്വാനി പ്രസ്താവന നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ വരുണിന്‍റെ ജയിലിലെ അനുഭവങ്ങളെ കുറിച്ച് ചോദിക്കാനും പാര്‍ട്ടി നേതാവ് മറന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിലിബിറ്റില്‍ നിന്ന് മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് വരുണ്‍ അദ്വാനിയെ സന്ദര്‍ശിച്ചത്. മേയ് 13 വോട്ടെടുപ്പ് നടക്കുന്ന ഇവിടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24 ആണ്.
|