ശനിയാഴ്ച പിലിബിറ്റ് ജയിലിനു പുറത്ത് അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്ക് കാരണക്കാരെന്ന് ആരോപിച്ച് പിലിബിറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിക്കും മറ്റ് രണ്ട് പാര്‍ട്ടി നേതാക്കള്‍ക്കും എതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വരുണിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളിലാണ് കേസ്.വരുണ്‍ ഗാന്ധി, മുതിര്‍ന്ന പാര്‍ട്ടി നേതാവ് കല്‍രാജ് മിശ്ര, മുന്‍ എംഎല്‍എ ബി കെ ഗുപ്ത എന്നിവര്‍ക്കെതിരെ കോട്‌വാലി പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിജെപി നേതാക്കളാണ് അക്രമങ്ങള്‍ നടത്താന്‍ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചത് എന്ന് ജില്ലാ ഭരണകൂടം ആരോപിച്ചു.കൊലപാതകശ്രമം, ഉദ്യോഗസ്ഥരെ കൃത്യ നിര്‍വഹണത്തില്‍ നിന്ന് തടയുക, മറ്റുള്ളവരുടെ ജീവന് ആപത്ത് വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നീ കുറ്റങ്ങളാണ് വരുണിനെതിരെ ആരോപിച്ചിരിക്കുന്നത്. പൊതുപ്രവര്‍ത്തകരുടെ കടമ ലംഘിച്ചതിന് 188 ആം വകുപ്പ് അനുസരിച്ചാണ് ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസ്.കഴിഞ്ഞ ദിവസം അറസ്റ്റ് വരിച്ച വരുണിനെ തിങ്കളാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. |