മൂന്നാം മുന്നണിയോട് അടുക്കുന്നതിന്‍റെ വ്യക്തമായ സൂചനകള്‍ നല്‍കി കൊണ്ട് തെരഞ്ഞെടുപ്പിനുശഷം എന്‍ ഡി എയോ യു പി എയോ പിന്തുണക്കില്ലെന്ന് ബിജു ജനതാദള്‍ നേതാവും ഒറീസ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് വ്യക്തമാക്കി.
സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നവീന്‍ പട്നായിക്.
തെരഞ്ഞെടുപ്പിനുശേഷം ബി ജെ പിയോ കോണ്‍ഗ്രസോ നേതൃത്വം നല്‍കുന്ന മുന്നണിയെ ബി ജെ ഡി പിന്തുണക്കില്ല. മൂന്നാം മുന്നണിയില്‍ ചേരുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല. തെരഞ്ഞെടുപ്പിന് ശേഷമേ ഇതു സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കൂവെന്നും നവീന്‍ പട്നായിക് പറഞ്ഞു.
എന്നാല്‍ നവീന്‍ പട്നായിക്കിന്‍റെ പ്രസ്താവന ബി ജെ ഡി മൂന്നാം മുന്നണിയിലേക്ക് നീങ്ങുന്നതിന്‍റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മൂന്നാം മുന്നണിയില്‍ ചേരണമെന്ന അഭ്യര്‍ത്ഥനയുമായി ബര്‍ദന്‍ പട്നായിക്കുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ബി ജെ ഡിക്ക് തീരുമാനമെടുക്കാന്‍ മതിയായ സമയം നല്‍കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബര്‍ദനും വ്യക്തമാക്കിയിരുന്നു. |