മുംബൈ ആക്രമണം സംബന്ധിച്ച് ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കാന്‍ പാക് സര്‍ക്കാരിന് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്നു. ജനുവരി അഞ്ചിനാണ് ആക്രമണത്തില്‍ പാകിസ്ഥാന്‍റെ പങ്കിനെ കുറിച്ചുള്ള വ്യക്‌തമായ തെളിവുകളടങ്ങിയ രേഖകള്‍ ഇന്ത്യ കൈമാറിയത്.
മുംബൈ ആക്രമണത്തിനിടെ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ ആമിറിന്‍റെ കുറ്റസമ്മതം, ആക്രമണത്തില്‍ പങ്കെടുത്ത പത്തു ഭീകരരും കറാച്ചിയില്‍ നിന്നു സഞ്ചരിച്ച ബോട്ടില്‍ നിന്നു കണ്ടെടുത്ത ലോഗ് ബുക്ക്, സാറ്റലൈറ്റ് ഫോണ്‍, താജ് ഹോട്ടലിലും മറ്റും ആക്രമണം നടത്തവെ ഇവര്‍ സാറ്റലൈറ്റ് ഫോണിലൂടെ പാകിസ്ഥാനിലെ തീവ്രവാദി നേതാക്കളുമായി നടത്തിയ സംഭാഷണങ്ങള്‍, അക്രമികള്‍ കറാച്ചിയില്‍ നിന്നു മുംബൈയിലേക്കു നടത്തിയ യാത്രയുടെ വിശദാംശങ്ങള്‍ , പാകിസ്ഥാനില്‍ നിന്നു സ്വീകരിച്ച നിര്‍ദ്ദേശങ്ങള്‍ എന്നിവ അടങ്ങിയ രേഖകളാണ് ഇന്ത്യ പാകിസ്ഥാനു കൈമാറിയത്.
എന്നാല്‍ രേഖകള്‍ പരിശോധിക്കുകയാണെന്ന മറുപടിയാണ് ഇതുവരെ പാകിസ്ഥാനില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
അതേസമയം മുംബൈയില്‍ നവംബര്‍ 26നുണ്ടായ ഭീകരാക്രമണം ഒരു തുറന്ന യുദ്ധമായിരുന്നെന്നും ഇത് അതേ രീതിയില്‍ തന്നെ കൈകാര്യം ചെയ്യാന്‍ ഇന്ത്യ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബാംഗ്ലൂരില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ് ആണ് ഇങ്ങനെ പറഞ്ഞത്.
മുംബൈ ആക്രമണം കേവലം ഒരു ഭീകരാക്രമണം മാത്രമായിരുന്നില്ലെന്ന് പറഞ്ഞ സിംഗ് ഒരു യുദ്ധത്തിന് തന്നെയാണ് മുംബൈ നഗരം മൂന്ന് ദിവസം സാക്‍ഷ്യം വഹിച്ചതെന്ന് അഭിപ്രായപ്പെട്ടു. പാകിസ്ഥാനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കഴിഞ്ഞ രണ്ട് മാസത്തിനിടയ്ക്ക് ഒന്നും സംഭവിച്ചില്ല. ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്ന് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ മാത്രമാണ് ഈ കാലയളവിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വാക്കുകൊണ്ടുള്ള യുദ്ധം നിര്‍ത്തണമെന്നും പ്രവൃത്തിയാണ് ഇനി ആവശ്യമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. |