മുംബൈ ആക്രമണം സംബന്ധിച്ച് ഇന്ത്യ നല്‍കിയ തെളിവുകള്‍ വിശ്വസനീയമാണെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം ഇതിന്‍മേല്‍ നടപടിയെടുക്കാന്‍ പാകിസ്ഥാന് സമയമനുവദിക്കണമെന്നും അമേരിക്ക ഇന്ത്യയോടാവശ്യപ്പെട്ടു.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യ നല്‍കിയ വിവരങ്ങള്‍ ആധികാരികമാണെന്നും എഫ്‌ബിഐ നല്‍കിയ വിവരങ്ങള്‍ ഉള്‍പ്പെടുന്നവയാണെന്നും രാജ്യത്തെ യുഎസ് അംബാസഡര്‍ ഡേവിഡ് സി മുള്‍ഫോര്‍ഡ് പറഞ്ഞത്. മുംബൈ ആക്രമണം പദ്ധതിയിട്ടത് പാകിസ്ഥാനിലാണെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകള്‍ വിശ്വസനീയമല്ലെന്ന പാക് പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് എല്ലാ സമയത്തും നിഷേധാത്മക നിലപാട് സ്വീകരിക്കാനാവില്ലെന്ന് മുള്‍ഫോര്‍ഡ് പറഞ്ഞു. തെളിവുകളെക്കുറിച്ച് പഠിക്കാനും നടപടിയെടുക്കാനും പാകിസ്ഥാന് സമയമനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് പല അനുകൂല നടപടികള്‍ ഇതിനകം ഉണ്ടായിട്ടുണ്ടെന്നും മുള്‍ഫോര്‍ഡ് വ്യക്തമാക്കി. |