വേതന വര്‍ദ്ധന ആവശ്യപ്പെട്ട് പൊതുമേഖലാ എണ്ണക്കമ്പനി ജീവനക്കാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തേക്ക് കടന്നതോടെ രാജ്യത്തെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. പ്രധാന നഗരങ്ങളിലെ മിക്ക പമ്പുകളിലേയും പെട്രോള്‍ സംഭരണം തീര്‍ന്നതോടെ വാഹനയാത്രക്കാര്‍ പ്രതിസന്ധിയിലായി.
ഡല്‍ഹിയിലേയും ചണ്ടിഗഢിലേയും ഏതാണ്ട് 80 ശതമാനം പമ്പുകളുടേയും പ്രവര്‍ത്തനം നിലച്ചു. കൊല്‍ക്കൊത്തയില്‍ 350 പെട്രോള്‍ പമ്പുകളിലേയും ചെന്നൈയില്‍ 200 പെട്രോള്‍ പമ്പുകളിലേയും സ്റ്റോക്ക് തീര്‍ന്നു. മിക്ക പമ്പുകള്‍ക്കും മുന്നില്‍ നീണ്ട വാഹനനിര ദൃശ്യമായിരുന്നു.
അതേസമയം മൂന്നാം ദിവസവും തുടരുന്ന സമരം വ്യോമഗതാഗതത്തെയും ബാധിച്ച് തുടങ്ങി. മുംബൈയിലും കൊല്‍ക്കത്തയിലും ഇന്നലെ ഒരു ഡസനോളം വിമാനങ്ങള്‍ 30 മുതല്‍ 40 മിനുട്ട് വരെ വൈകിയാണ് സര്‍വീസ് നടത്തിയത്. ഉദ്യോഗസ്ഥരുടെ അഭാവം മൂലം ഇന്ധനം നിറയ്ക്കുന്നതിലുള്ള താമസമാണ് സര്‍വീസുകള്‍ വൈകാന്‍ കാരണമാവുന്നത്. മുംബൈയില്‍ ആഭ്യന്തര വിമാനസര്‍വീസുകളെയാണ് സമരം ബാധിച്ചത്. എന്നാല്‍ കൊല്‍ക്കത്തയില്‍ ആഭ്യന്തര സര്‍വീസുകളേയും വിദേശ സര്‍വീസുകളേയും സമരം ബാധിച്ചു. പോര്‍ട്ട് ബ്ലെയര്‍, അഗര്‍ത്തല, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ 20 മിനുട്ടിലധികം വൈകി. ഐസ്‌വാളിലേക്കുള്ള വിമാനം മാത്രമാണ് സമയത്തിന് സര്‍വീസ് നടത്തിയത്.
അതേസമയം ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനം ഉറപ്പ് വരുത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രാദേശിക സേനയെ നിയമിച്ചിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കാത്ത ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ നിന്നാണ് ഇന്ധനമെടുക്കുന്നത് എന്നതിനാല്‍ സ്വകാര്യ സര്‍വീസുകളെ സമരം കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍ എയര്‍ ഇന്ത്യയും മറ്റ് വിദേശ എയര്‍ലൈന്‍സുകളും ഇന്ധനത്തിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനേയും ഭാരത് പെട്രോളിയം കോര്‍പറേഷനേയുമാണ് ആശ്രയിക്കുന്നത്. അതിനാല്‍ ഇവയുടെ സര്‍വീസുകളാണ് പ്രധാനമായും പ്രതിസന്ധി നേരിടുന്നത്.
അതിനിടെ പെട്രോളിയം മന്ത്രി മുരളി ദേവ്‌റയും പണിമുടക്കുന്ന ജീവനക്കാരും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാതെ സമരം നിര്‍ത്താനാവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ തങ്ങളുടെ ആവശ്യം പ്രധാനമന്ത്രിയുടെ മുമ്പില്‍ വീണ്ടും ഉന്നയിക്കാമെന്ന് പെട്രോളിയം മന്ത്രി ഉറപ്പ് തന്നതായി ഓയില്‍ സെക്ടര്‍ ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് അമിത് കുമാര്‍ അറിയിച്ചു. |