സത്യം അഴിമതിയിലെ വിവാദ കഥാപാത്രമായ ബി രാമലിംഗ രാജു ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. രാജു എവിടെയാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് വക്താവ് അറിയിച്ചു. രാജു അമേരിക്കയിലേക്കോ ദുബായിലേക്കോ കടന്നിട്ടുണ്ടാവാമെന്ന് ഒരു ടി വി ചാനല്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി രാജു ആരെയും സന്ദര്‍ശിച്ചിട്ടില്ലെന്നാണ് അറിയുന്നത്. രാജുവിന്‍റെ വീട്ടിലെത്തിയ പത്രക്കാര്‍ക്ക് അദ്ദേഹം മധപൂരിലെ സത്യം ഇന്‍ഫോസിറ്റിയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സത്യം അധികൃതര്‍ തയ്യാറായിട്ടില്ല.
അതിനിടെ ഫെഡറല്‍ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് സത്യം മുന്‍ ചെയര്‍മാന്‍ രാജുവിനെതിരെ അമേരിക്കന്‍ കോടതിയില്‍ പരാതി സമര്‍പ്പിക്കപ്പെട്ടു. ഇസാര്‍ദ് നൊബെല്‍ എല്‍എല്‍പി, വിയനെയില്‍ ആന്‍ഡ് വിയനെയില്‍ എന്നീ കമ്പനികളാണ് രാജുവിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്. ന്യൂയോര്‍ക്കിന്‍റെ തെക്കന്‍ ജില്ലയ്ക്കായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ജില്ലാ കോടതിയിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
2004 ജനുവരി 6 മുതല്‍ 2009 ജനുവരി 6 വരെ സത്യത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള അമേരിക്കക്കാര്‍ക്ക് വേണ്ടി വിയനെയില്‍ ആന്‍ഡ് വിയനെയില്‍ എല്‍എല്‍പി മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കോര്‍പറേറ്റ് മന്ത്രാലയവും സെബിയും രാജുവിനെതിരെ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിനായി സെബിയിലെ അംഗങ്ങള്‍ ഹൈദരാബാദിലെത്തിയെങ്കിലും രാജുവിനെ കണ്ടെത്താനായിട്ടില്ല. ഇന്ത്യയില്‍ 10 വര്‍ഷം തടവും 25 കോടി രൂപ പിഴയുമാണ് രാജുവിന് കിട്ടാവുന്ന പരമാവധി ശിക്ഷയെങ്കില്‍ അമേരിക്കയില്‍ 24 വര്‍ഷം തടവും ഒരു ബില്യണ്‍ ഡോളര്‍ പിഴയുമാണ് രാജുവിനെ കാത്തിരിക്കുന്നത്. രാജുവിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആന്ധ്രാപ്രദേശ് സര്‍ക്കാരും ഉത്തരവിട്ടിട്ടുണ്ട്.
|