ബിജെപിയില്‍ പ്രധാനമന്ത്രിയാവാന്‍ കാത്തിരിക്കുന്നവര്‍ ഏറെയാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ് സിംഘ്‌വി. മുന്‍ ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ശേഖാവത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയ്പൂരില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അഭിഷേക്.
ശേഖാവത് അദ്വാനിയുടെ പ്രധാനമന്ത്രി പദത്തിന് ഭീഷണിയാണെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. ഭീകരാക്രമണത്തെ തുടര്‍ന്ന് ബിജെപിയുടെ കടുത്ത വിമര്‍ശനത്തിന് ഇരയായിക്കൊണ്ടിരുന്ന കോണ്‍ഗ്രസ് എതിര്‍ കക്ഷിയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളാണ് പ്രതിരോധത്തിനായി ഉയര്‍ത്തിക്കാട്ടിയത്.
ബിജെപി പ്രധാനമന്ത്രിയാവണം എന്ന് ആഗ്രഹിക്കുന്നവര്‍ എല്ലാം എണ്‍പതുകളില്‍ നില്‍ക്കുന്നവരാണ്. ഇവര്‍ക്ക് യുവതയുമായി ഒരുമിച്ചുപോവാന്‍ കഴിയില്ല.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ഇത്തരത്തില്‍ ഒരാളാണ്. എന്നും താന്‍ ഒന്നാം സ്ഥാനത്താണെന്ന് വരുത്തിത്തീര്‍ക്കാനാണ് മോഡി ശ്രമിക്കുന്നതും, അഭിഷേക് പറഞ്ഞു.
ഭീകരതയെ തടയാനായി കേന്ദ്ര ഏജന്‍സി രൂപീകരികാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ മോഡിക്ക് അവകാശമില്ല. എന്‍ഡിഎ ഭരണകാലത്ത് ഇത്തരത്തിലുണ്ടായ നീക്കത്തോട് മോഡി അനുകൂല സമീപനമാണ് നടത്തിയിരുന്നത് എന്നും കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി. |