മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെ നടപടി എടുത്തില്ല എങ്കില്‍ സമാജ്‌വാദി പാര്‍ട്ടി കേന്ദ്രത്തിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി അമര്‍സിംഗ്. ബുധനാഴ്ചയാണ് അമര്‍സിംഗ് ഭീഷണിയുമായി രംഗത്ത് എത്തിയത്.പാകിസ്ഥാനു നേര്‍ക്ക് മൃദു സമീപനം നടത്തിയാല്‍ കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും എംപിമാരും ആവശ്യപ്പെടുന്നത് എന്ന് അമര്‍സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാകിസ്ഥാന്‍ ഭീകരരെ കൈമാറാതിരുന്നാല്‍, ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നതു പോലെ ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര താവളങ്ങളില്‍ ആക്രമണം നടത്തുമെന്ന് അമേരിക്കയ്ക്ക് പറയാന്‍ കഴിയാത്തതിനു കാരണമെന്തെന്നും അമര്‍സിംഗ് ചോദിച്ചു.കേന്ദ്ര സര്‍ക്കാര്‍ പാകിസ്ഥാനെതിരെ നടപടി സ്വീകരിക്കാത്തതിനാല്‍ യുപിഎ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയിലാണ് സഖ്യകക്ഷിയില്‍ നിന്നും ഇത്തരത്തിലുള്ള വിമര്‍ശനം ഉണ്ടായിരിക്കുന്നത്. 2008 ജൂലൈ 22 ന് നടന്ന വിശ്വാസവോട്ടെടുപ്പിലാണ് സമാജ്‌വാദി പാര്‍ട്ടി യുപിഎ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. |