മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള പാകിസ്ഥാന്‍ നിലപാടിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവ ശങ്കര്‍ മേനോന്‍ തിങ്കളാഴ്ച നടത്തിയ മാധ്യമ സമ്മേളനത്തില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചു.
മുംബൈ ഭീകരാക്രമണം നടത്തിയവര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ച മേനോന്‍ ആക്രമണം പാക് ഭരണാധികാരികളുടെ അറിവോടെയല്ല നടന്നത് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഭീകരരരും പാകിസ്ഥാനിലെ ഭീകര നേതാക്കളും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണ ശകലങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കണം. ഇന്ത്യന്‍ മണ്ണില്‍ ആക്രമണം നടത്തിയതിനാല്‍ കുറ്റക്കാരെ ഇന്ത്യയില്‍ വിചാരണ നടത്താന്‍ തയ്യാറാവണം എന്നും ശിവശങ്കര്‍ മേനോന്‍ ആവശ്യപ്പെട്ടു.
ഭീകരാക്രമണം സംബന്ധിച്ച തെളിവുകള്‍ ഇസ്രയേല്‍, അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. യുഎന്‍ സുരക്ഷാ സമിതിക്കും ജി-8 നും ചൊവ്വാഴ്ച തെളിവുകള്‍ കൈമാറുകയും ചെയ്യും. പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക്കിനെ വിളിച്ചുവരുത്തിയാണ് ഇന്ത്യ തെളിവുകള്‍ കൈമാറിയത്.
ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്ക് ഉണ്ട് എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല എന്ന പാക് വാദം നിലനില്‍ക്കെയാണ് ഇന്ത്യ തിങ്കളാഴ്ച തെളിവുകള്‍ കൈമാറിയത്. |