മുംബൈ ആക്രമണത്തിന് പിന്നിലെ പാക് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കവേ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെളിവുകള്‍ സംബന്ധിച്ച് പാകിസ്ഥാന്‍ ശരിയായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്ന് മുഖര്‍ജി പറഞ്ഞു.
മുംബൈ ആക്രമണത്തില്‍ പിടിയിലായ പാക് പൌരന്‍ അജ്മല്‍ അമീര്‍ കസബില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍, അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങള്‍, തീവ്രവാദികളുടെ ടെലിഫോണ്‍ സംഭാഷണം സംബന്ധിച്ച സാറ്റ്ലൈറ്റ് വിവരങ്ങള്‍ എന്നിവയാണ് ഇന്ത്യ നല്‍കിയത്. വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ പാക് ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തിയാണ് തെളിവുകള്‍ കൈമാറിയത്.
ഇന്ത്യ തെളിവുകള്‍ കൈമാറിയ സാഹചര്യത്തില്‍ പാകിസ്ഥാന്‍ ഉഭയകക്ഷി പ്രതിബദ്ധത പുലര്‍ത്തണമെന്ന് മുഖര്‍ജി ആവശ്യപ്പെട്ടു. വ്യത്യസ്ത രാഷ്ട്രങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ അതാത് സര്‍ക്കാരുകള്‍ക്കും തെളിവുകള്‍ കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. മുംബൈ ആക്രമണത്തിന് പിന്നില്‍ പാക് ഭീകരരാണെന്ന ഇന്ത്യയുടെ പ്രസ്താവന പാകിസ്ഥാന്‍ തുടര്‍ച്ചയായി നിഷേധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ തെളിവുകള്‍ നല്‍കാന്‍ തയ്യാറായത്. |