കനത്ത മൂടല്‍മഞ്ഞ് കാരണം ട്രെയിന്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായ ഡല്‍ഹിയില്‍ ഞായറാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടു. കാഴ്ചാപരിധി ഇന്ന് അതിരാവിലെ 100 മീറ്റര്‍ ആയിരുന്നെങ്കിലും പിന്നീട് ഉയര്‍ന്നു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ ദൂരക്കാഴ്ചാ പരിധി മെച്ചപ്പെട്ടതിനാല്‍ വിമാനങ്ങളെല്ലാം സമയക്രമമനുസരിച്ച് തന്നെ സര്‍വീസ് നടത്തുന്നുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. റണ്‍വേ വിസിബിലിറ്റി 1400 മീറ്ററിനു മേലെയാണ്. എങ്കിലും ചില സ്വകാര്യ കമ്പനികള്‍ ഏതാനും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
നഗരത്തില്‍ റോഡ് ഗതാഗതം സാധാരണസ്ഥിതി കൈവരിച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു. കനത്ത മൂടല്‍ മഞ്ഞ് കാരണം ഒട്ടേറെ റോഡപകടങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലുണ്ടായിരുന്നു. അതേസമയം കിഴക്ക് നിന്നടിക്കുന്ന ശീതക്കാറ്റ് തലസ്ഥാനത്ത് തുടരുകയാണ്. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ഈ കാറ്റ് ഏതാനും ദിവസത്തേക്ക് കൂടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ കുറഞ്ഞ താപനില 6.1 ഡിഗ്രിയും കൂടിയ താപനില 15 ഡിഗ്രിയുമാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. |