താജ്, ട്രൈഡാന്റ് ഹോട്ടലുകള്‍ പിടിച്ചടക്കി, താമസക്കാരെ ബന്ദികളാക്കിയ മുംബൈ ഭീകരാക്രമണത്തെ സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. ബന്ദികളായവരെ മോചിപ്പിക്കാന്‍ വന്‍ തുക നല്‍കണമെന്നും ജയിലില്‍ കഴിയുന്ന ചില ഭീകരരെ മോചിപ്പിക്കണമെന്നും ആക്രമണം നടത്തിയ ഭീകരര്‍ ആവശ്യപ്പെട്ടതായാണ് പുതിയ വെളിപ്പെടുത്തല്‍.
മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌സിംഗാണ് ഈ പുതിയ വിവരം വെളിപ്പെടുത്തിയത്. ബി ജെ പി സര്‍ക്കാരിന്റെ കാലത്ത് ഭീകരര്‍ ഖാണ്ഡഹാറില്‍ വിമാനം റാഞ്ചിയ സംഭവം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭീകരര്‍ വച്ച ഡിമാന്‍ഡുകളെല്ലാം ബി ജെ പി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
മുംബൈ ആക്രമണം നടത്തിയ ഭീകരര്‍ വച്ച ഉപാധികള്‍ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയുണ്ടായെന്നും എന്നാല്‍ ഒരു തരത്തിലുള്ള വിലപേശലിനും മന്‍മോഹന്‍ സിംഗ് തയ്യാറായില്ലെന്നും ദിഗ്‌വിജയ്‌സിംഗ് പറഞ്ഞു. ഭീകരര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുത്ത് മാതൃകാപരമായ സര്‍ക്കാരായിരിക്കുകയാണ് യു പി എ സര്‍ക്കാരെന്നും ദിഗ്‌വിജയ്‌സിംഗ് കൂട്ടിച്ചേര്‍ത്തു.
ആക്രമണം നടത്തിയ ഭീകരര്‍ ഒരു തരത്തിലുള്ള ഉപാധികളും വച്ചില്ല എന്നായിരുന്നു സര്‍ക്കാര്‍ മുമ്പ് പറഞ്ഞത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ മുമ്പ് സര്‍ക്കാര്‍ പ്രസ്താവിച്ചതിന് കടകവിരുദ്ധമാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുടെ ഈ വെളിപ്പെടുത്തലോട് മുംബൈ ഭീകരാക്രമണത്തെ പറ്റി പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തി കൂടുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. |