ഉത്തര്‍പ്രദേശില്‍ പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍ എം കെ ഗുപ്ത കൊല്ലപ്പെട്ട കേസില്‍ സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി മായാവതി. എന്നാല്‍, നേരത്തേ സി ബി ഐ അന്വേഷണത്തിന് നിര്‍ദേശിക്കപ്പെട്ട കേസുകള്‍ അന്വേഷണ ഏജന്‍സി ഏറ്റെടുത്താല്‍ മാത്രമേ താന്‍ എഞ്ചിനീയര്‍ കൊല്ലപ്പെട്ട കേസിലും അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.
എഞ്ചിനീയര്‍ കൊല്ലപ്പെട്ട കേസ് സി ബി ഐ അന്വേഷണത്തിന് വിടുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. എന്നാല്‍, നേരത്തേ സി ബി ഐ അന്വേഷണത്തിന് നിര്‍ദ്ദേശിക്കപ്പെട്ട കേസുകള്‍ അന്വേഷണ ഏജന്‍സി ഏറ്റെടുക്കണം. മുലായം സര്‍ക്കാരിന്‍റെ കാലത്ത് നടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനം ഉള്‍പ്പെടെയുള്ള കേസുകളില്‍ സി ബി ഐ അന്വേഷണം ഉണ്ടാകണം - മായാവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എഞ്ചിനീയര്‍ കൊലക്കേസില്‍ വിശദമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മായാവതി ഉറപ്പ് നല്‍കി. ആവശ്യമെങ്കില്‍ തന്‍റെ കക്ഷിയിലെ എം എല്‍ എയും കേസിലെ ആരോപണവിധേയനുമായ ശേഖര്‍ തിവാരിയെ നാര്‍കോ പരിശോധനയ്ക്ക് വിധേയനാക്കുമെന്നും മായാവതി പറഞ്ഞു.
മായാവതിയുടെ ജന്‍മദിനാഘോഷത്തിന് പിരിവ് നല്‍കാത്തതിനെ തുടര്‍ന്നാണ് എഞ്ചിനീയറെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ബി എസ് പി എഎല്‍എ ശേഖര്‍ തിവാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. |