മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്‍റെ രാജി കോണ്‍ഗ്രസ് അംഗീകരിച്ചു. ബുധനാഴ്ച രാത്രിയാണ് പാര്‍ട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ രാജി അംഗീകരിച്ചത്.മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം അതിജീവിക്കാനാവാതെയാണ് ദേശ്മുഖ് രാജി നല്‍കിയത്. രാജി സ്വീകരിച്ചു എങ്കിലും അടുത്ത മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായിട്ടില്ല.മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രാജി അംഗീകരിച്ചത്. കേന്ദ്ര നിരീക്ഷകര്‍ ഇന്ന് മഹാരാഷ്ട്ര സന്ദര്‍ശനം നടത്തിയ ശേഷമായിരിക്കും പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത്.സുശീല്‍ ഷിന്‍ഡെ, പ്രിഥ്വിരാജ് ചവാന്‍ എന്നീ പേരുകളായിരുന്നു നേരത്തെ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍, അശോക് ചവാന്‍, ഗോവിന്ദറാവു അദിക്, നാരായണ്‍ റാണെ എന്നീ നേതാക്കളെയും പരിഗണിക്കുന്നു എന്നാണ് സൂചന.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു ശേഷം മാത്രമേ ഉപമുഖ്യമന്ത്രിയെ നിശ്ചയിക്കുള്ളൂ എന്ന നിലപാടിലാണ് കൂട്ടുകക്ഷിയായ എന്‍ സിപി. ഉപമുഖ്യമന്ത്രി ആര്‍ ആര്‍ പാട്ടീലും ഭീകരാക്രമണങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിഞ്ഞിരുന്നു. |