മറ്റൊരു തീവ്രവാദക്കേസിലും രാജ്യം കാണാത്ത വേഗത്തില്‍ മാലേഗാവ് സ്ഫോടനക്കേസിന് പിന്നിലെ കരങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്ന മഹാരാഷ്ട്രാ എടിഎസ് കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍.സന്ന്യാസിനിക്കു ശക്തമായ പിന്തുണയുമായി ബിജെപി രംഗത്തു വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അന്വേഷണം സംബന്ധിച്ച് എടീഎസ് സമാഹരിച്ച മുഴുവന്‍ തെളിവുകളും സമര്‍പ്പിക്കാന്‍ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടു എന്ന പ്രഗ്യയുടെ കോടതിയിലെ വെളിപ്പെടുത്തലും, മൂന്നു തവണ നാര്‍ക്കോ പരിശോധന നടത്തിയിട്ടും പ്രഗ്യക്കെതിരെ തെളിവു കണ്ടെത്താന്‍ കഴിയാത്തതുമാണ് ബിജെപിയെ ചൊടിപ്പിച്ചത്. ബൈക്ക് മറ്റൊരാള്‍ക്ക് 2007ല്‍ കൈമാറിയെന്നും സ്ഫോടനവുമായി ബന്ധമില്ലെന്നും പ്രഗ്യ കോടതിയെ ധരിപ്പിച്ചു. അറസ്റ്റു രേഖപ്പെടുത്തുന്നതിനു പത്തുദിവസം മുന്‍പു മുതല്‍ തന്നെ താന്‍ അനധികൃതമായി തടവിലായിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. തന്‍റെ സമ്മതമില്ലാതെയാണ് നാര്‍ക്കോ-പരിശോധന നടത്തിയതെന്നും പ്രഗ്യ ആരോപിച്ചിരുന്നു. നുണപരിശോധനയിലും പോളിഗ്രാഫ് പരിശോധനയിലും പ്രഗ്യക്കെതിരെ തെളിവു ലഭിക്കാത്തത് അവര്‍ ശീലിച്ചുവന്ന യോഗാഭ്യാസത്തിന്‍റെ മികവാണെന്നായിരുന്നു എടിഎസ് വാദം. ലെഫ്റ്റ. കേണല്‍ പുരോഹിതിന് സംഝോധാ സ്ഫോടനത്തിലും മറ്റനേകം സ്ഫോടനങ്ങളിലും പങ്കുണ്ടെന്ന എടീഎസ് വെളിപ്പെടുത്തലോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. പുരോഹിത് നല്‍കിയ ആര്‍ഡീഎക്സ് ഉപയോഗിച്ചു നടത്തിയ സ്ഫോടനം എന്ന് എടീഎസ് അവകാശപ്പെട്ടപ്പോള്‍, സംഝോധാ സ്ഫോടനത്തില്‍ ആര്‍ഡീഎക്സ് ഉപയോഗിച്ചിട്ടേയില്ലെന്ന് മുന്‍ അന്വേഷകര്‍ വെളിപ്പെടുത്തി.60 കിലോഗ്രാം ആര്‍ഡീഎക്സ് പുരോഹിത് കൈമാറി എന്ന കണ്ടെത്തലിനെതിരെ സേനയും രംഗത്തെത്തി. 60 കിഗ്രാം ആര്‍ഡിഎക്സ് എന്നത് വലിയൊരു അളവാണെന്നും, അത് സേനയില്‍ നിന്നു പുറത്തുകടത്തുക എളുപ്പമല്ലെന്നും സേന വ്യക്തമാക്കി. തുടര്‍ന്നാണ് മാധ്യമങ്ങള്‍ പ്രസ്താവന വളച്ചൊടിച്ചെന്ന് ചൂണ്ടിക്കാട്ടി എടീഎസ് മലക്കം മറിഞ്ഞു.ഇതോടെയാണ് ബിജെപി നേതൃത്വം എടിഎസിനെതിരെ രംഗത്തെത്തിയത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കുന്നെന്നും, തീ കൊണ്ടാണ് കോണ്‍ഗ്രസ്സ് കളിക്കുന്നതെന്നും ബിജെപി മുന്നറിയിപ്പു നല്‍കി. പ്രഗ്യക്കെതിരെ തെളിവു ഹാജരാക്കാന്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ അദ്വാനി എടിഎസിനെ വെല്ലുവിളിക്കുകയും ചെയ്തു. |