അച്ഛന്‍ പ്രമോദ് മഹാജന്‍റെ പാത പിന്തുടര്‍ന്നും താനും രാഷ്ട്രീയത്തില്‍ ഇറങ്ങിയേക്കുമെന്ന് രാഹുല്‍ മഹാജന്‍.
റിയാലിറ്റി ഷോ ബിഗ് ബോസ്സ് 2ല്‍ നിന്ന് അച്ചടക്ക ലംഘനത്തിന് പുറത്തായ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രാഹുല്‍. ബിഗ് ബോസ്സ് 2ല്‍ ഒപ്പം പങ്കെടുത്തിരുന്ന മോണിക്കാ ബേദിയുമായി അടുപ്പമുണ്ടെന്ന വാര്‍ത്ത രാഹുല്‍ നിഷേധിച്ചു.
“മോണിക്കയും ഞാനും സുഹൃത്തുക്കളാണ്. ഇപ്പോള്‍ അതില്‍ കൂടുതല്‍ ഒന്നുമില്ല.” അധോലോക നായകന്‍ അബുസലീമിന്‍റെ കാമുകിയായിരുന്ന മോണിക്കയുമായി ഷോയ്ക്കിടെ രാഹുല്‍ അടുപ്പത്തിലായെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
തുടര്‍ന്ന് അസ്വസ്ഥനായ സലീം മോണിക്കയെ വിവാഹം കഴിച്ചിരുന്നതായി അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ തള്ളിയ ബേദി, കഴിഞ്ഞ കാലം താന്‍ പിന്നില്‍ ഉപേക്ഷിച്ചെന്നും, സലീമുമായി ഇപ്പോള്‍ ഒന്നുമില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
ഷോയില്‍ പങ്കെടുത്ത മറ്റു രണ്ടുപേര്‍ക്കൊപ്പം ഷോ ചിത്രീകരിക്കുന്ന വീടിന്‍റെ മതില്‍ ചാടാന്‍ ശ്രമിച്ചതിനാണ് രാഹുല്‍ ബിഗ് ബോസ്സില്‍ നിന്ന് പുറത്തായത്. ഷോയുടെ നിയമം തെറ്റിച്ചതിന് മാപ്പു പറയാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നായിരുന്നു പുറത്താക്കല്‍. |