ഹിന്ദു ഭീകരതയ്ക്കെതിരെ പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി നടത്തിയ പരാമര്‍ശത്തെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു.
മാലേഗാവ് സ്ഫോടന കേസുമായി ബന്ധമില്ല എന്ന് ബിജെപി സ്വയം പറയുന്നതിനൊപ്പം കുറ്റാരോപിതരെ ന്യായീകരിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു. ഇത് പാര്‍ട്ടിയുടെ മുന്‍നിലപാടിന് നേര്‍വിപരീതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഘപരിവാറിന് മാലേഗാവ് സ്ഫോടനവുമായി ബന്ധമുണ്ട് എന്ന് അന്വേഷണങ്ങള്‍ തെളിയിച്ചതാണ് എന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാനായാണ് ഭൂരിപക്ഷ ഹിന്ദുക്കളെ ഭീകരതയുമായി ബന്ധപ്പെടുത്തുന്നത് എന്നായിരുന്നു അദ്വാനിയുടെ പ്രസ്താവന. ഹിന്ദു ഭീകരത എന്ന പ്രയോഗം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രൂപംകൊണ്ടതാണെന്നും ബിജെപി ഒരിക്കലും ഏതെങ്കിലും മതത്തെ ഭീകരതയുമായി ബന്ധപ്പെടുത്തിയിട്ടില്ല എന്നും അദ്വാനി പറഞ്ഞിരുന്നു.
മതങ്ങളെ ഒരിക്കലും അപകീര്‍ത്തിപ്പെടുത്തരുത് എന്ന് അദ്വാനി ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് ഭരണകാലത്ത് ഭീകരരെ വധിക്കാന്‍ സാധിച്ചിട്ടില്ല എന്നും എന്‍ഡിഎ ഭരണകാലത്ത് ഇതായിരുന്നില്ല അവസ്ഥ എന്നും ഛത്തീസ്ഗഡിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെ അദ്വാനി പറഞ്ഞു. |