കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനായി നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി പി ചിദംബരം ചൊവ്വാഴ്ച പറഞ്ഞു. മൂലധന ഒഴുക്ക് വര്‍ദ്ധിക്കുമ്പോള്‍ രൂപയുടെ മൂല്യത്തില്‍ കൂടുതല്‍ മെച്ചമുണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു. ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.ആഗോള സാമ്പത്തിക തകര്‍ച്ചമൂലം ആഭ്യന്തര സാമ്പത്തിക മേഖലയില്‍ ഉണ്ടായ ഇടിവ് മറികടക്കാനായി നടപടികള്‍ സ്വീകരിക്കും. ഇപ്പോള്‍ രൂപയ്ക്ക് ഉണ്ടായ ഇടിവ് ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ മൂലധന ഒഴുക്ക് അനുകൂലമാവുന്നതോടെ പരിഹരിക്കപ്പെടും എന്നും ചിദംബരം പറഞ്ഞു.ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ റിക്കോഡ് സംതൃപ്തി നല്‍കുന്നതാണ്. അടുത്ത വര്‍ഷത്തോടെ സാമ്പത്തിക വളര്‍ച്ച പഴയരീതിയില്‍ എത്തുമെന്നും ധനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.പണപ്പെരുപ്പവും സാമ്പത്തിക വളര്‍ച്ചയും തമ്മില്‍ സന്തുലനം നിലനിര്‍ത്തുന്നതില്‍ വിജയിക്കാനായി. പ്രശ്നങ്ങള്‍ നേരിടുന്ന മേഖലകളില്‍ എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ച് പരിഗണിക്കും. ഹോട്ടല്‍, എയര്‍ലൈന്‍സ്, റിയല്‍ എസ്റ്റേറ്റ് , യാത്രാവാഹന നിര്‍മ്മാതാക്കള്‍ എന്നിവര്‍ പരമാവധി വില കുറയ്ക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.ആഗോള മാന്ദ്യം അനുഭപ്പെടുന്ന അവസരത്തില്‍, ഇന്ത്യയുടെ കയറ്റുമതി 200 ബില്യന്‍ ഡോളറായി ഉയര്‍ത്താന്‍ സാധിച്ചേക്കില്ല എന്നും ധനമന്ത്രി സൂചന നല്‍കി. |