മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രാ തീവ്രവാദവിരുദ്ധസേന യുപിയില്‍ നിന്ന് അറസ്റ്റുചെയ്ത സന്ന്യാസി ദയാനന്ദ് പാണ്ഡേയെ ഇന്ന് നാസിക് കോടതിയില്‍ ഹാജരാക്കും. നവംബര്‍ 16വരെ ട്രാന്‍സിറ്റ് റിമാന്‍ഡിലാണ് പാണ്ഡേ. ഇതാണ് മഹാരാഷ്ട്രയിലെ നാസിക് കോടതിയില്‍ പാണ്ഡേയെ ഹാജരാക്കാന്‍ എടിഎസിന് വഴി തെളിച്ചത്. കാന്‍പൂരിലെ കാകാദേവ് പ്രദേശത്തുനിന്നാണ് പാണ്ഡേയെ പോലീസ് അറസ്റ്റുചെയ്തത്. പാണ്ഡേ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നതിന് കൃത്യമായ തെളിവ് അന്വേഷകര്‍ക്കു ലഭിച്ചു എന്നാണ് കരുതുന്നത്. ലെഫ്റ്റ. കേണല്‍ പുരോഹിതുമായി പാണ്ഡേക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ. പുരോഹിതിനെ നാര്‍ക്കോ പരിശോധനക്കു വിധേയമാക്കിയതില്‍ നിന്നാണ് പാണ്ഡേയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നാണ് കരുതുന്നത്.നിര്‍ണ്ണായക തെളിവുകള്‍ക്കു വേണ്ടി എടിഎസ് ജമ്മുവിലേക്കു പോകുന്നുണ്ട്. പാണ്ഡേയുമായി ബന്ധമുള്ള രണ്ടുപേരെ ജമ്മു പോലീസ് അറസ്റ്റുചെയ്ത് പിന്നീട് മോചിപ്പിച്ചിരുന്നു. ഇവരെയും ചോദ്യംചെയ്യും. മാലേഗാവ് സ്ഫോടനത്തിന് വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷകര്‍ എത്തിയിരിക്കുന്നത്. |