കശ്മീരിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ കശ്മീരില്‍ എത്തി.
സുരക്ഷാ ഉപദേഷ്ടാവിനൊപ്പം രഹസ്യാന്വേഷണ ബ്യൂറോ ഡയറക്ടര്‍ എ സി ഹല്‍ദറും മുതിര്‍ന്ന ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരും കശ്മീരില്‍ ബുധനാഴ്ച സന്ദര്‍ശനം നടത്തുന്നുണ്ട്.
അമര്‍നാഥ് ഭൂമി പ്രക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത രീതിയില്‍ മത സ്പര്‍ദ്ധ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഉപദേഷ്ടാവ് സന്ദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ആഴ്ചകള്‍ തുടര്‍ന്ന സംഘര്‍ഷത്തിന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് അല്‍പ്പമൊരു അയവ് വന്നിരിക്കുന്നത്.
കശ്മീരില്‍ ഇന്ത്യന്‍ ഭരണത്തിനെതിരെ മുസ്ലീം വിഘടനവാദികള്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇവര്‍ കശ്മീര്‍ വിഷയത്തില്‍ യുഎന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിവേദനവും നല്‍കിയിരുന്നു.
ചൊവ്വാഴ്ച മുതല്‍ താഴ്‌വരയില്‍ കടകളും ബാങ്കുകളും തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി.
|