സിമി അഖിലേന്ത്യാ നേതാവ് സഫ്ദാര്‍ നഗോറിയെ ചോദ്യം ചെയ്യലിനായി മദ്ധ്യപ്രദേശില്‍ നിന്ന് അഹമ്മദാബാദില്‍ കൊണ്ടുവന്നേക്കും.
ജൂലൈ 26ന് നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നഗോറിയെ വിട്ടുകിട്ടണമെന്ന് ഗുജറാത്ത് പോലീസ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്. നഗോറിയും സഹോദരന്‍ കരിമുദ്ദീനുമാണ് 2007 ഡിസംബറില്‍ കേരളത്തിലും 2008 ജനുവരിയില്‍ ഗുജറാത്തിലും നടന്ന സിമി പരിശീലന ക്യാമ്പുകളില്‍ പരിശീലനം നല്‍കിയത്.
അഹമ്മദാബാദ്, ജയ്പ്പൂര്‍ സ്ഫോടനങ്ങളുടെ പ്രധാന ആസൂത്രകര്‍ ഇവരാണെന്നാണ് അന്വേഷകര്‍ കരുതുന്നത്. നഗോറിയേയും കൂട്ടാളികളേയും മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് മാര്‍ച്ചിലാണ് പിടികൂടിയത്.
സിമിയുടെ തീപ്പൊരി നേതാവായ നഗോറിക്ക് ചെറുപ്പക്കാരെ സംസാരത്തില്‍ കൂടി സ്വാധീനിക്കാന്‍ കഴിവുണ്ട്. സിമിയുടെ ഇപ്പോഴത്തെ പ്രധാന പരിശീലകനും നേതാവും ഇയാളാണ്. രാജ്യത്തു നടന്ന മറ്റ് സ്ഫോടനങ്ങളിലും ഇയാള്‍ക്കു പങ്കുണ്ടെന്നാണ് കരുതുന്നത്.
|