അഹമ്മദാബാദ് സ്ഫോടന പരമ്പരയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുഎസ് പൌരന്‍ കെന്‍ ഹേവുഡ് ഞായറാഴ്ച രാവിലെ ഇന്ത്യ വിട്ടത് യുഎസ് എംബസ്സിയുടെ സഹായത്തോടെ ആണെന്ന് റിപ്പോര്‍ട്ട്.
അഹമ്മദാബാദ് സ്ഫോടനത്തെ തുടര്‍ന്ന് സന്ദേശം അയച്ച കമ്പ്യൂട്ടര്‍ കെന്‍ ഹേവുഡ്ഡിന്‍റേതാണെന്ന് അന്വേഷകര്‍ കണ്ടെത്തിയിരുന്നു. ഉച്ചക്ക് ഒരു മണിക്കും 8മണിക്കും മദ്ധ്യേ 412 എം ബെ ഡാറ്റാ ആ കമ്പ്യൂട്ടറൊഇല്‍ നിന്നു ഡൌണ്‍ലോഡ് ചെയ്തിരുന്നു.
ഇദ്ദേഹം എങ്ങനെയാണ് ഇന്ത്യയില്‍ നിന്നു കടന്നതെന്ന് അന്വേഷണം നടക്കുകയാണ്. ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുമായി യുഎസ് എംബസ്സി ബന്ധപ്പെട്ട ശേഷമാണ് ഇദ്ദേഹത്തിന് ഇന്ത്യക്കു പുറത്തു കടക്കാനായത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ജെറ്റ് എയര്‍വേയ്സിന്‍റെ ജെ ഡബ്ല്യു-230 വിമാനത്തിലാണ് ഇദ്ദേഹം പോയത്.
ശരിയായ രേഖകള്‍ കൈവശം ഉള്ളതുകൊണ്ടാണ് ഹേവുഡ്ഡിന് പോകാന്‍ കഴിഞ്ഞത്. അന്വേഷണങ്ങളില്‍ ഇദ്ദേഹത്തിന്‍റെ പേര് ഉള്‍പ്പെടുത്താതിരുന്നതും പാസ്പോര്‍ട്ട് പിടിച്ചു വയ്ക്കാതിരുന്നതും എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല.
ഇദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കാതിരുന്നതും തടയാന്‍ കഴിയാതിരുന്നതും എന്തുകൊണ്ടാണെന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് വ്യക്തമാക്കിയിട്ടില്ല. മൂന്നു ദിവസമായി ഹേവുഡ്ഡുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.
അഹമ്മദാബാദ് സ്ഫോടന പരമ്പരയിലെ കണ്ണികളെ പിടികൂടിയതായി ഗുജറാത്ത് പോലീസ് അവകാശപ്പെട്ടപ്പോള്‍ തന്നെ ഇദ്ദേഹം ഡല്‍ഹിയിലേക്കു പുറപ്പെട്ടു. നവി മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു യുഎസ് കമ്പനിയുടെ മാനേജരാണ് ഹേവുഡ്ഡ്. അരിസോണയിലെ ഒരു പള്ളിയിലെ പാസ്റ്റര്‍ കൂടിയാണ് ഹേവുഡ്ഡ്.
|