ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡ ഓഗസ്റ്റ് 25 ന് മുമ്പായി ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ സയിദ് സിബ്റ്റി റാസി ആവശ്യപ്പെട്ടു. ജെഎംഎം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഗവര്‍ണറെ സന്ദര്‍ശിച്ച കോഡ തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് ഗവര്‍ണറെ അറിയിച്ചിരുന്നു. ഗവര്‍ണര്‍ എന്‍ഡിഎ സഖ്യവുമായും ചര്‍ച്ച നടത്തിയിരുന്നു.
ജെഎംഎം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ എംഎല്‍എ ആയ സുധീര്‍ മഹാതോ കഴിഞ്ഞ ദിവസം കാബിനറ്റ് പദം രാജിവച്ചിരുന്നു. എന്നാല്‍, ബാനു പ്രതാപ്, ബാന്‍ഡു തിര്‍ക്കി എന്നീ മന്ത്രിമാര്‍ പാര്‍ട്ടി നേതാവ് സോറനുമായി കൂടിക്കാഴ്ച നടത്തി ഇപ്പോഴുള്ള പ്രശ്നം രമ്യമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാ കക്ഷികളിലെയും എംഎല്‍എമാരുമായും ജെഎംഎം ചര്‍ച്ച നടത്തിവരികയാണ്. ഝാര്‍ഖണ്ഡിലെ പ്രശ്നം യുപിഎ കേന്ദ്ര നേതൃത്വവുമായി ഇനി ഉടന്‍ ചര്‍ച്ച നടത്തില്ല എന്ന നിലപാടിലാണ് പാര്‍ട്ടി.
എന്‍ഡിഎയുടെ അര്‍ജ്ജുന്‍ മുണ്ഡ സര്‍ക്കാരിനെ പരാജയപ്പെടുത്തി 2006 സെപ്തംബര്‍ 18 ന് ആണ് കോഡസര്‍ക്കാര്‍ നിലവില്‍ വന്നത്.
|