ജൂലൈ 26 ന് അഹമ്മദാബാദില്‍ നടന്ന സ്ഫോടന പരമ്പരയുടെ സൂത്രധാരനെ പിടികൂടിയതായി അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ അസംഗഡില്‍ നിന്നാണ് സിമി പ്രവര്‍ത്തകനായ മുഫ്തി അബു ബഷീറിനെ ശനിയാഴ്ച പിടികൂടിയതെന്ന് ഗുജറാത്ത് ഡിജിപി പി സി പാണ്ഡെ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
തീവ്രവാദികള്‍ കേരളത്തില്‍ നിന്നാണ് പരിശീലനം നേടിയത്. കേരളത്തില്‍ സിമി സജീവമായി പ്രവര്‍ത്തിക്കുന്നു എന്നതിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 2006 ഓഗസ്റ്റില്‍ ബിനാനിപുരത്തും 2007 ഡിസംബറില്‍ വാഗമണ്ണിലെ തങ്ങള്‍ പാറയിലും യോഗം ചേര്‍ന്നിരുന്നു.
അഹമ്മദാബാദ് സ്ഫോടനങ്ങളുമായും സൂററ്റില്‍ ബോംബുകള്‍ സ്ഥാപിച്ചതുമായും ബന്ധപ്പെടുത്തി ഒമ്പത് സിമി പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്കര്‍-ഇ-തൊയ്ബ ഭീകര പ്രസ്ഥാനവുമായി അടുത്ത ബന്ധമുണ്ട് എന്നും പൊലീസ് വെളിപ്പെടുത്തി.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇന്ത്യന്‍ മുജാഹിദ്ദീന്‍ സിമിയുടെ മറ്റൊരു പേരാണെന്നും ഗുജറാത്ത് ഡിജിപി വ്യക്തമാക്കി.ഉത്തര്‍പ്രദേശ് പൊലീസിന്‍റെയും ഗുജറാത്ത് പൊലീസിന്‍റെയും പ്രത്യേക സംഘങ്ങള്‍ ചേര്‍ന്നാണ് അബു ബഷീറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടന്‍ ഗുജറാത്തിലേക്ക് കൊണ്ടുവരും.
ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി, ജയ്പൂര്‍, ഹൈദരാബാദ് സ്ഫോടനങ്ങള്‍ക്കും സിമിക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. സൂററ്റിലെ ബോംബുകള്‍ ചിപ്പില്‍ വന്ന തകരാറുമൂലമാണ് പൊട്ടാതിരുന്നത് എന്നും പാണ്ഡെ അറിയിച്ചു.
ഗുജറാത്ത് സ്ഫോടനം: പരിശീലനം നടന്നത് കേരളത്തില്‍
|