രണ്ടുമാസം നീണ്ടു നിന്ന അമര്‍നാഥ് തീര്‍ത്ഥാടന കാലത്തിന് ഇന്ന് അവസാനമാകും. അമര്‍നാഥ് ക്ഷേത്രഭൂമി പ്രശ്നം സൃഷ്ടിച്ച അക്രമങ്ങളും പ്രക്ഷോഭവും സജീവമായി നില്‍ക്കെയാണ് ഇത്.
ഇരു വിഭാഗത്തിനെയും അക്രമത്തിനു പ്രേരിപ്പിക്കുകയും മരണങ്ങള്‍ക്കു കാരണമാകുകയും ചെയ്ത സാഹചര്യം ഇന്നു നിലനില്‍ക്കുകയാണ്. ജമ്മു-കശ്മീര്‍ പോലെ അതിവൈകാരികമായ സാഹചര്യം നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുതായിരുന്നു എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നതും ഈ സാഹചര്യത്തിലാണ്.
സംസ്ഥാനത്തു ശാന്തത കൊണ്ടുവരിക എന്ന ദൌത്യം യുപിഎ സര്‍ക്കാരിന്‍റെ ഉറക്കം കെടുത്തിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും ഇതു മുഖ്യ വിഷയമായി. “പ്രതിസന്ധിയുടെ ഈ മണിക്കൂറുകളില്‍ വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ നമ്മളെ എങ്ങും എത്തിക്കില്ല.
ജമ്മു-കശ്മീരിന്‍റെ ദീര്‍ഘകാലത്തെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാനും ഞാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ മതേതരത്വത്തിന്‍റെ പ്രതീകമാണ് കശ്മീര്‍. വിശ്വാസത്തിന്‍റെ പേരില്‍ ഭിന്നിക്കുന്ന ജനങ്ങള്‍ക്കു പ്രശ്നം പരിഹരിക്കാനാകില്ല.” പ്രധാനമന്ത്രി പറഞ്ഞു.
പ്രശ്നപരിഹാരത്തിന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്നം പരിഹരിക്കാന്‍ പദ്ധതിയിടുകയാണ് കേന്ദ്ര സര്‍ക്കാര്‍.
|