അമര്‍നാഥ് പ്രശ്നം സംബന്ധിച്ച് കശ്മീര്‍ താഴ്വരയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവില്‍ അയവ് വരുത്തി. കശ്മീര്‍ താഴ്വരയിലെ 10 ജില്ലകളിലാണ് കര്‍ഫ്യൂ വേണ്ടെന്നു വച്ചത്.
വ്യാഴാഴ്ച രാത്രി തന്നെ കര്‍ഫ്യൂ വേണ്ടെന്ന് വച്ചിരുന്നു. ഇതുവരെ ഈ പ്രദേശങ്ങളില്‍ യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് ഐ.ജി എസ്.എം സഹായ് പറഞ്ഞു.
ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തില്‍ സംസ്ഥാന ഗവര്‍ണ്ണര്‍ എന്‍.എന്‍.വോറ സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകളില്‍ മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ നടന്നു. ആഘോഷ ചടങ്ങുകളില്‍ കാണികള്‍ പൊതുവേ കുറവായിരുന്നു.
അമര്‍നാഥ് ഭൂമി ഇടപാട് പ്രശ്നത്തോട് അനുബന്ധിച്ച് താഴ്വരയില്‍ നടന്ന വിവിധ സംഭവങ്ങളിലായി 22 പേര്‍ മരിച്ചിരുന്നു. ഹൂറിയത് നേതാവ് ഷെയ്ഖ് അബ്ദുള്‍ അസീസ് ഉള്‍പ്പെടെ അഞ്ച് പേര്‍ സംഘര്‍ഷത്തില്‍ മരിച്ചതോടെയാണ് 10 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
അതേ സമയം ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള മിക്ക പട്ടണങ്ങളിലെയും കട കമ്പോളങ്ങള്‍ എല്ലാം അടഞ്ഞു തന്നെ കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
|