ഇന്ത്യയുടെ അറുപത്തിയൊന്നാം സ്വാതന്ത്ര്യ ദിന വാര്‍ഷികത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് മന്‍മോഹന്‍ സിംഗ് സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയത്.
പതാക ഉയര്‍ത്തിയതോടൊപ്പം ഇന്ത്യയുടെ 299 റൈഫിള്‍ റജിമെന്‍റിന്‍റെ വകയായി 21 ഗണ്‍ സല്യൂട്ടും ഉണ്ടായിരുന്നു. കനത്ത സുരക്ഷാസന്നാഹത്തോടെയാണ് ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്.
രാഷ്ട്രത്തെ അഭി സംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ പുതിയ വാഗ്ദാനങ്ങള്‍ ഒന്നും നല്‍കാനില്ല എന്ന് പറഞ്ഞ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയ പ്രതിജ്ഞകള്‍ പാലിക്കുമെന്ന് ഉറപ്പ് നല്‍കി.
തന്‍റെ കുട്ടിക്കാലത്തെ കുറിച്ചും പ്രസംഗമധ്യേ പ്രധാനമന്ത്രി പരാമര്‍ശിക്കുകയുണ്ടായി. “വൈദ്യുതി ഇല്ലാത്ത, കുടിവെള്ള വിതരണമില്ലാത്ത, ഡോക്ടര്‍ ഇല്ലാത്ത, റോഡുകളോ ഫോണോ ഇല്ലാത്ത ഒരു ഗ്രാമത്തിലാണ് ഞാന്‍ എന്‍റെ ജീവിതത്തിലെ ആദ്യ 10 വര്‍ഷങ്ങള്‍ കഴിഞ്ഞത്”.
കുട്ടിക്കാലത്ത് മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ പഠിച്ചതിനെ കുറിച്ച് പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി ഇക്കാലത്തും ഇന്ത്യയില്‍ വൈദ്യുതിയും വെള്ളവും റോഡുകളുമില്ലാതെ അനേകമാളുകള്‍ ബുദ്ധിമുട്ടുന്നുണ്ട് എന്ന് പറഞ്ഞു.
ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നല്‍കിയ പ്രധാനമന്ത്രി ഇന്ത്യയെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും ഒപ്പം എത്തിക്കുകയാണ് തന്‍റെ കര്‍ത്തവ്യമെന്ന് പറഞ്ഞു.
ഇന്ത്യ കാര്‍ഷിക മേഖലയിലെ നിക്ഷേപം 25,000 കോടിയായി വര്‍ദ്ധിപ്പിച്ചു. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്‍ഷ്യം. പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
|