ബോളിവുഡില്‍ പുതിയൊരു വിവാദത്തിനു തിരികൊളുത്താനായി അക്ഷയ് കുമാര്‍ രംഗത്ത്. ബോളിവുഡിലെ ‘കിംഗ്’ അമിതാഭ് ബച്ചന്‍ ആണ് എന്നതില്‍ സംശയമില്ല എന്ന് അക്ഷയ് കഴിഞ്ഞ ദിവസം തന്‍റെ പുതിയ സിനിമയായ ‘സിംഗ് ഈസ് കിംഗ്’ ന്‍റെ പ്രചാരണ ചടങ്ങില്‍ പറഞ്ഞു.
“ കഴിഞ്ഞ 35 വര്‍ഷങ്ങളിലേറെയായി സിനിമ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ബച്ചനാണ് യഥാര്‍ത്ഥ കിംഗ്. 15-20 വര്‍ഷങ്ങളായി ഫീല്‍ഡില്‍ നില്‍ക്കുന്നവരും കിംഗ് എന്ന് വിളിക്കുന്നത് ഇഷ്ടപ്പെടുന്നു” . അക്ഷയ് കുമാറിന്‍റെ കിംഗ് പരാമര്‍ശം കിംഗ് ഖാന്‍ എന്ന് അറിയപ്പെടുന്ന ഷാരൂഖിനെ ലക്‍ഷ്യം വച്ചു കൊണ്ടുള്ളതാണെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ കരുതുന്നത്.
‘സിംഗ് ഈസ് കിംഗ്’ എന്ന സിനിമയിലൂടെ അക്ഷയ് സ്വയം കിംഗായി അവരോധിക്കപ്പെടാനുള്ള സാധ്യത തേടുകയാണെന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, ഈ വിമര്‍ശനത്തിനുള്ള മറുപടി കൂടിയായിരുന്നു ബച്ചനെ മാത്രം കിംഗായി വിശേഷിപ്പിച്ചു കൊണ്ടുള്ള അക്ഷയ് കുമാറിന്‍റെ പരാമര്‍ശം.
“അമിതാഭ് ബച്ചന്‍ 35-40 വര്‍ഷങ്ങളായി സിനിമയില്‍ അഭിനയിക്കുന്നു എങ്കിലും ലാളിത്യം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ്. അദ്ദേഹം സംസാരിക്കുമ്പോള്‍ കൈകള്‍ കൂപ്പുന്നു. അദ്ദേഹവുമൊത്ത് ഏഴ് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്‍റെ പരാമര്‍ശങ്ങള്‍ വിവാദത്തിനു തിരികൊളുത്തുകയാണെങ്കില്‍ ഞാന്‍ അതിനെ ഗൌനിക്കില്ല”, അക്ഷ്യ് പറയുന്നു.
തന്‍റെ പരാമര്‍ശത്തില്‍ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കിയ അക്ഷ്യ് അത് കൊള്ളേണ്ടവര്‍ക്ക് കൊള്ളും എന്ന് കൂട്ടിച്ചേര്‍ക്കാനും മറന്നില്ല.
സാജിദ് നദിയവാലയുടെ പുതിയ ചിത്രത്തിന്‍റെ ലോസ് ഏഞ്ചല്‍സിലെ സെറ്റില്‍ നിന്നാണ് ‘സിംഗ് ഈസ് കിംഗ്’ ന്‍റെ പ്രചാരണത്തിനായി അക്ഷയ് എത്തിയത്.
|