സ്റ്റുഡന്‍റ്സ് ഇസ്ലാമിക് മൂവ്‌മെന്‍റിന് (സിമി) എതിരെ നില നിന്നിരുന്ന നിരോധനം നീക്കിയ ഡല്‍ഹി ഹൈക്കോടതി ട്രിബ്യൂണല്‍ വിധി സുപ്രീം കോടതി ബുധനാഴ്ച റദ്ദ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവ് ഉണ്ടായത്.
സിമിക്കെതിരെയുള്ള നിരോധനം മുമ്പുള്ളതു പോലെ തുടരുമെന്ന് പറഞ്ഞ സുപ്രീം കോടതി നിരോധനം തുടരാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് ബോധിപ്പിക്കാന്‍ സിമിക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. മൂന്നാഴ്ചയാണ് മറുപടി ബോധിപ്പിക്കാനുള്ള സമയം.
രാജ്യം ഭീകരാക്രമണത്തിന്‍റെ ഞെട്ടലില്‍ നിന്ന് മോചിതമാവാത്ത അവസ്ഥയില്‍ സുപ്രീം കോടതി വിധി കേന്ദ്ര സര്‍ക്കാരിന് ആശ്വാസം നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.സിമിയെ പോലെയുള്ള സംഘടനയ്ക്കെതിരെ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചത് സര്‍ക്കാരിനെയും സുരക്ഷാ ഏജന്‍സികളെയും അങ്കലാപ്പിലാക്കിയിരുന്നു.
ആഭ്യന്തരമന്ത്രാലയം നല്‍കിയ തെളിവുകള്‍ നിരോധനം നീട്ടാന്‍ പര്യാപ്തമല്ല എന്നായിരുന്നു ട്രിബ്യൂണലിന്‍റെ നിരീക്ഷണം. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ഗീതാ മിത്തല്‍ ആയിരുന്നു ട്രിബ്യൂണലിനെ നയിച്ചത്.
നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2001 ല്‍ ആണ് ആദ്യമായി സിമിക്കെതിരെ നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന്, രണ്ട് വര്‍ഷം കൂടൂമ്പോള്‍ നിരോധനം പുതുക്കിയിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയുമായി സിമിക്ക് അടുത്ത ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
|