മഹാരാഷ്ട മന്ത്രിസഭയില്‍ നിന്ന് റവന്യൂ മന്ത്രി നാരായണ്‍ റാണെ രാജിവച്ചത് മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന് പുതിയ പ്രതിസന്ധിയായി.
ഒരാളുടെ മാത്രം താത്പര്യങ്ങളാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് ആരോപിച്ചുകൊണ്ടാണ് റാണെ രാജിവച്ചത്.“സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സാധാരണക്കാരനു വേണ്ടിയല്ല. ഒരാളുടെ മാത്രം താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ്.” റാണെ ആരോപിച്ചു.
പ്രകടനം മോശമാണെന്ന പേരില്‍ ദേശ്മുഖിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിനുള്ളിലെ ഭിന്നിപ്പുകള്‍. വീഡിയോകോണ്‍ ഗ്രൂപ്പിന് പുതിയ നിര്‍മ്മാണ പദ്ധതിക്ക് സ്ഥലമനുവദിച്ചതുമായി ബന്ധപ്പെട്ടാണ് രാജി എന്നറിയുന്നു.
നിലവില്‍ സ്ഥലത്തിനുള്ള വിലയിലും വളരെ കുറിച്ചാണ് വിഡിയോകോണിന് സ്ഥലം അനുവദിച്ചതെന്ന് റാണെ ആരോപിച്ചതേ തുടര്‍ന്ന് മന്ത്രിസഭായോഗത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു എന്നു റിപ്പോര്‍ട്ടുകളുണ്ട്. 2005ല്‍ ശിവസേനയില്‍ നിന്നു രാജിവച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന റാണെ റവന്യു മന്ത്രി ആകുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ദേശ്മുഖിന്‍റെ ഭരണത്തിനെതിരെ റാണെ പരസ്യ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.
|