ഇന്തോ-യുഎസ് ആണവ കരാര്‍ സെപ്തംബറില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ ശനിയാഴ്ച പറഞ്ഞു. സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളിലേക്ക് സന്ദര്‍ശനത്തിനും പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആണവ വിതരണ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കപില്‍ സിബല്‍ വിദേശത്തേക്ക് പോവുന്നത്. ആണവ വിതരണ രാജ്യങ്ങളുടെ “പ്രതികരണം അനുകൂലമാണ്” എന്നും അന്താരാഷ്ട്ര തലത്തില്‍ ആണവ വ്യാപാരം നടത്താന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രത്യേക സുരക്ഷാ മാനദണ്ഡ കരാര്‍ അന്താരാഷ്ട്ര ആണവ സമിതി ഓഗസ്റ്റ് ഒന്നിന് പരിഗണിക്കും. ആണവസമിതി കരാറിന് അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കരാറിന് ചൈനയുടെ പിന്തുണയും ഉറപ്പിക്കാനാവുമെന്ന് മന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ആണവ വിതരണ രാജ്യങ്ങളുടെ പിന്തുണ നേടിക്കഴിഞ്ഞാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ സമ്മതത്തോടെ ഇന്ത്യയ്ക്ക് കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും.
|