കേന്ദ്ര മന്ത്രി ശരദ് പവാര്‍ ഉള്‍പ്പെടെ 122 യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ജെറ്റ് എയര്‍വെയ്സിന്‍റെ ഡല്‍ഹി-മുംബൈ വിമാനം അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. വിമാനത്തിന്‍റെ വാതില്‍ ശരിയായ രീതിയില്‍ അടയ്ക്കാതിരുന്നത് കാരണം വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 5:25 ന് ആയിരുന്നു സംഭവം നടന്നത്. ബോയിംഗ് 737 വിമാനം 5,000 മീറ്റര്‍ ഉയരത്തില്‍ എത്തിയപ്പോള്‍ വിമാനത്തിന്‍റെ പിന്‍ഭാഗത്തുണ്ടായിരുന്ന ക്രൂ വിമാനത്തിനുള്ളിലേക്ക് കാറ്റ് അടിച്ചു കയറുന്ന ശബ്ദം കേള്‍ക്കുന്നു എന്നും വാതിലിനിടയിലൂടെ ആകാശം കാണാന്‍ കഴിയുന്നു എന്നും പൈലറ്റിനെ അറിയിച്ചു.
പൈലറ്റ് ഉടന്‍ തന്നെ ഡല്‍ഹി വ്യോമഗതാഗത നിയന്ത്രണ കേന്ദ്രവുമായി ബന്ധപ്പെടുകയും അവിടെ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് ലാന്‍ഡിംഗ് സുഗമമാക്കാന്‍ വേണ്ടി ആകാശത്ത് വച്ച് തന്നെ ഇന്ധനം എരിച്ചു കളയുകയും ചെയ്തു. ഇതിനായി, വിമാനം 8,000 മീറ്റര്‍ ഉയരത്തില്‍ എത്തിച്ച് ചുറ്റുകയായിരുന്നു.
വിമാനത്തിലെ രണ്ട് കാബിന്‍ ക്രൂകളെ ഉടന്‍ തന്നെ സസ്പെന്‍ഡ് ചെയ്യാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു.
|