ഇന്തോ-യുഎസ് ആണവ സഹകരണ കരാര്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണെന്നും ഇന്ത്യ കരാറുമായി മുന്നോട്ടു പോവണമെന്നും മുന്‍ രാഷ്ട്രപതി അബ്ദുള്‍ ജെ കലാം.
ചെന്നൈയില്‍ പൊളാരിസ് സോഫ്റ്റ്‌വെയര്‍ ലാബ് സംഘടിപ്പിച്ച കുട്ടികളുടെ ഉല്ലാസ് ട്രസ്റ്റ് ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കലാം. കുട്ടികള്‍ പക്ഷം പിടിക്കാത്തവരും നിഷ്കളങ്കരുമാണെന്ന് പറഞ്ഞ കലാം കരാര്‍ നമ്മെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞു.
“ശാസ്ത്രത്തിന് അതിരുകളില്ല” എന്നും ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നാസയില്‍ ജോലി ചെയ്യുന്നതില്‍ തെറ്റില്ല എന്നും ഒരു വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് മറുപടിയായി കലാം പറഞ്ഞു. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അമേരിക്കയെ സഹായിക്കാനായി നാസയില്‍ ജോലി ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയുമോ എന്നായിരുന്നു ചോദ്യം.
“സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ചിന്തകളിലേക്ക് നയിക്കും, ചിന്ത അറിവിലേക്കും. അറിവ് നിങ്ങളെ മഹത്വമുള്ളവരാക്കും”, കലാം പറഞ്ഞു.
ഇന്ത്യന്‍ ഗ്രാമങ്ങളിലാണ് ജനസംഖ്യയുടെ 70 ശതമാനവും കഴിയുന്നത് എന്ന് ചൂണ്ടിക്കാണിച്ച കലാം നഗരങ്ങളിലെ സൌകര്യങ്ങള്‍ ഗ്രാമങ്ങളിലും ലഭ്യമാക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു.
2030 ആവുമ്പോഴേക്കും ഇന്ത്യ 50,000 മെഗാവാട്ട് ആണവോര്‍ജ്ജം ഉത്പാദിപ്പിക്കണം. ഓരോ വര്‍ഷവും ഊര്‍ജ്ജ മേഖലയില്‍ അഞ്ച് ശതമാനം വളര്‍ച്ച കൈവരിക്കണമെന്നും കലാം അഭിപ്രായപ്പെട്ടു.
|