ഭീകരരെ തകര്‍ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ബാംഗ്ലൂര്‍ സ്ഫോടനങ്ങളെ അപലപിച്ചു കൊണ്ട് ബിജെപിയും ഇടതു കക്ഷികളും ആരോപിച്ചു.
രാജ്യത്ത് ഭീകരത വളരുന്നു എന്നതിന് തെളിവാണ് ബാംഗ്ലൂര്‍ സ്ഫോടനമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു. സ്ഫോടനങ്ങളെ വെറും ക്രമസമാധാന പ്രശ്നമായി കാണുന്ന കേന്ദ്ര നയം സംഭവത്തെ സാമാന്യവല്‍ക്കരിക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല എന്നും രാജ്നാഥ് സിംഗ് ഒരു മാധ്യമ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭീകര ശൃംഖലകള്‍ തകര്‍ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന്‍റെ തെളിവാണ് ബാംഗ്ലൂര്‍ സ്ഫോടനങ്ങള്‍ എന്ന് സിപിഎം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.
സ്ഫോടനങ്ങള്‍ രാജ്യത്തെ മത സൌഹാര്‍ദ്ദം തകര്‍ക്കാനുള്ള പദ്ധതിയാണെന്ന് കുറ്റപ്പെടുത്തിയ സിപിഎം കേന്ദ്ര കമ്മിറ്റി സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്ന് പ്രത്യേക മാധ്യമക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
സ്ഫോടനത്തില്‍ ജനതാദള്‍ (എസ്) നേതാവ് ദേവഗൌഡ ഞെട്ടല്‍ പ്രകടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ച് രാഷ്ട്രത്തിനു ഭീഷണിയായിരിക്കുന്ന ഭീകരതയ്ക്ക് എതിരെ പോരാടണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍, ‘ഭീകരതയോട് മൃദു സമീപനമാണെന്ന’ പ്രതിപക്ഷ ആരോപണം കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു.
|