രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തുടങ്ങിയവര്‍ ബാംഗ്ലൂര്‍ സ്ഫോടനങ്ങളെ അപലപിച്ചു. രാജ്യത്തെ മത സൌഹാര്‍ദ്ദം തകര്‍ക്കാനായുള്ള ഭീരുത്വം നിറഞ്ഞ നടപടിയാണിതെന്നാണ് നേതാക്കള്‍ പറഞ്ഞത്.
രാജ്യത്തിന്‍റെ ഐടി തലസ്ഥാനത്ത് നടന്ന സ്ഫോടനങ്ങള്‍ സമാധാനം തകര്‍ക്കാന്‍ ലക്‍ഷ്യമിട്ടുള്ളതാണെന്ന് പ്രതിഭാപാട്ടീല്‍ പറഞ്ഞു. സ്ഫോടനത്തില്‍ പരുക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കാന്‍ രാഷ്ട്രപതി ആശംസകള്‍ അറിയിച്ചു.
സൌഹാര്‍ദ്ദവും സമാധാനവും തകര്‍ക്കാന്‍ ലക്‍ഷ്യമിട്ടുള്ള സ്ഫോടനങ്ങളെ അപലപിച്ച ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സംഭവത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തി.
ബോംബ് സ്ഫോടനങ്ങളെ വിമര്‍ശിച്ച പ്രധാനമന്ത്രി ജനങ്ങള്‍ ശാന്തരായിരിക്കണം എന്നും മതസൌഹാര്‍ദ്ദം കാത്തു സൂക്ഷിക്കണം എന്നും ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
സ്ഫോടനത്തെ ഭീരുത്വമെന്നാണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വിശേഷിപ്പിച്ചത്. രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് സ്ഫോടനത്തിനു പിന്നിലെന്ന് സോണിയ ആരോപിച്ചു.
ബാംഗ്ലൂരില്‍ വെള്ളിയാഴ്ച ഉച്ചയോടെ നടന്ന പരമ്പര സ്ഫോടനങ്ങളില്‍ 2 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. തരതമ്യേന ശക്തി കുറഞ്ഞ ഒമ്പത് സ്ഫോടനങ്ങളാണ് നടന്നത്. മലയാളികള്‍ക്ക് ആര്‍ക്കും അപകടമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
|