പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്ഫോടനം: അതീവ ജാഗ്രത പ്രഖ്യാപിച്ചു  Search similar articles
ബാംഗ്ലൂര്‍ നഗരത്തില്‍ നടന്ന സ്‌ഫോടനപരമ്പരയെ കേന്ദ്രസര്‍ക്കാര്‍ ശക്തിയായി അപലപിച്ചു. സംഭവത്തെ തുടര്‍ന്ന് ബാംഗ്ലൂരിലും ഡല്‍ഹിയിലും അതീവ ജാഗ്രത ഏര്‍പ്പെടുത്തി.

സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അടിയന്തിര യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.40മണിക്കാണ് ബാംഗ്ലൂരിലെ തിരക്കേറിയ മാഡിവാലയില്‍ ആദ്യസ്‌ഫോടനം ഉണ്ടായത്‌. ഇതില്‍ ഒരു സ്ത്രീ മരിച്ചു. 12-മിനിട്ടിനു ശേഷം ഹൊസ്സൂര്‍ റോഡില്‍ രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായി.

തുടര്‍ന്ന്‌ നയന്തഹള്ളിയിലും ശിവാജി നഗറിലും ലാങ്ങ്‌ഫോര്‍ഡ്‌ ടൗണിലും അടുഗുഡിയിലും സ്‌ഫോടനം ഉണ്ടായി. എല്ലാ സ്‌ഫോടനങ്ങളും വീര്യം കുറഞ്ഞതായിരുന്നുവെന്ന്‌ ആദ്യറിപ്പോര്‍ട്ടുകള്‍. തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണ് ബാംഗ്ലൂരില്‍ നടന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ അപലപിച്ചു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നു ശിവരാജ് പാട്ടീല്‍ പറഞ്ഞു. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്‍റെ ഒരു വിദഗ്ദ്ധ സംഘത്തെ ബാംഗ്ലൂരിലേക്ക് അയയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാ‍നമെടുത്തിട്ടുണ്ട്. സിമിയോ ലഷ്ക്കര്‍-ഇ-തോയ്ബയോ ആയിരിക്കാം സ്ഫോടനത്തില്‍ പിന്നിലെന്നാണ് സംശയിക്കുന്നത്.

തീവ്രവാദികള്‍ ബാംഗ്ലൂരിനെ നോട്ടമിടുന്നുണ്ടെന്ന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഒരു ആക്രമണം നടക്കുമെന്നുള്ള സൂചനകളൊന്നും സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. അപ്രതീക്ഷിതമായ ആക്രമണമാണ് ഉണ്ടായത്. സംസ്ഥാനത്ത് ഏത് തരത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തണമെന്നതിനെക്കുറിച്ച് ഡല്‍ഹിയില്‍ ആഭ്യന്തര സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനിക്കും.

രാജ്യത്തിന്‍റെ എല്ലാ മെട്രോ നഗരങ്ങളിലും അതീവ ജാഗ്രത പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ണ്ണാടകത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഐ.ടിമേഖല പ്രവര്‍ത്തിക്കുന്ന നഗരങ്ങളിലും അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍
ബാംഗ്ലൂരില്‍ സ്ഫോടന പരമ്പര: 3 മരണം
കോഴ: എം‌പിമാര്‍ പരാതി നല്‍കി
സോമനാഥിന് ഇന്ന് പിറന്നാള്‍
താജില്‍ ശിവ പൂജ !
ഇടതിനോട് വിദ്വേഷമില്ല: പ്രണാബ്
കരാര്‍ മുന്നോട്ട്: മന്‍‌മോഹന്‍, ബുഷ്