ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് വെള്ളിയാഴ്ച 80 തികയുന്നു. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്‍റെ കയ്പു നിറഞ്ഞ ഓര്‍മ്മയുടെ രണ്ടാം ദിവസമാണ് സോമനാഥിന്‍റെ പിറന്നാള്‍.
ഇന്ദ്രപ്രസ്ഥത്തിലെ അക്ബര്‍ റോഡിലെ നമ്പര്‍ 20 വസതിയില്‍ ഇന്ന് ആഘോഷങ്ങള്‍ നടക്കേണ്ട ദിവസമായിരുന്നു. ലോക്സഭാ സ്പീക്കറുടെ വസതിയിലേക്ക് ആശംസകള്‍ അറിയിക്കാനായി ശുഭകാംക്ഷികള്‍ എത്തുന്നുണ്ട് എങ്കിലും ഇവിടെ ആഘോഷത്തിന്‍റേതായ പകിട്ടുകള്‍ ഒന്നും ഇല്ല.
ആശംസ അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അയച്ച പ്രതിനിധി സ്പീക്കര്‍ക്ക് പൂച്ചെണ്ട് നല്‍കി. കേന്ദ്രമന്ത്രി വയലാര്‍ രവിയും രാവിലെ തന്നെ സ്പീക്കറെ ആശംസകള്‍ അറിയിച്ചു.
1929 ല്‍ അസമിലെ തേസ്പൂരിലുള്ള ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് സോമനാഥ് ജനിച്ചത്. കൊല്‍ക്കത്തയിലും ഇംഗ്ലണ്ടിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കേംബ്രിഡ്ജില്‍ നിന്ന് ബിരുദാനന്തര ബിരുദവും മിഡില്‍ ടെമ്പിളില്‍ നിന്ന് ബാര്‍-അറ്റ്-ലോയും നേടി.
1968 ല്‍ ആയിരുന്നു സിപിഎമ്മില്‍ ചേര്‍ന്നത്. 1971ല്‍ ബോല്‍പൂരില്‍ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1984 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയോട് പരാജപ്പെട്ടതൊഴിച്ച് എല്ലാ തെരഞ്ഞെടുപ്പിലും സോമനാഥ് വിജയിച്ചിരുന്നു.
1996 ല്‍ ജ്യോതിബസു പ്രധാനമന്ത്രിയാവണമെന്ന് വാദിച്ചവരില്‍ പ്രധാനിയായിരുന്നു സോമനാഥ് ചാറ്റര്‍ജി.
|